Skip to content

ഇംഗ്ലണ്ട് പുറത്ത് !! തുടർച്ചയായ അഞ്ചാം വിജയവുമായി ഓസീസ്

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ഓസ്ട്രേലിയക്കെതിരായ നിർണായക പോരാട്ടത്തിൽ 33 റൺസിന് പരാജയപെട്ടതോടെയാണ് ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായിരിക്കുന്നത്. മറുഭാഗത്ത് തുടർച്ചയായ അഞ്ചാം വിജയം നേടിയ ഓസ്ട്രേലിയ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 287 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 49.1 ഓവറിൽ 253 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 90 പന്തിൽ 64 റൺസ് നേടിയ ബെൻ സ്റ്റോക്സും 50 റൺസ് നേടിയ ഡേവിഡ് മലാനും 42 റൺസ് നേടിയ മോയിൻ അലിയും മാത്രമാണ് ഇംഗ്ലണ്ടിനായി പിടിച്ചുനിന്നത്.

ഓസ്ട്രേലിയക്കായി ആഡം സാംപ പത്തോവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, ജോഷ് ഹേസൽവുd എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 83 പന്തിൽ 71 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 47 റൺസ് നേടിയ കാമറോൺ ഗ്രീൻ, 44 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. 19 പന്തിൽ 29 റൺസ് നേടിയ ആദം സാംപയുടെ പ്രകടനവും ഓസ്ട്രേലിയയ്ക്ക് തുണയായി.