Skip to content

മഴയും ഫഖർ സമാനും വില്ലനായി ! 401 റൺസ് നേടിയിട്ടും പാകിസ്ഥാനോട് തോറ്റ് ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപെടുത്തി പാകിസ്ഥാൻ. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ ഫഖർ സമാൻ്റെ അതിവേഗ സെഞ്ചുറിയും അതിനൊപ്പം തന്നെ മഴയുമാണ് പാകിസ്ഥാൻ്റെ വിജയത്തിന് വഴിയൊരുക്കിയത്.

മത്സരത്തിൽ 402 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായാണ് പാകിസ്ഥാൻ ഇറങ്ങിയത്. തുടക്കത്തിൽ അബ്ദുൾ ഷഫീഖിനെ നഷ്ടപെട്ടുവെങ്കിലും ഫഖർ സമാൻ തകർത്തടിച്ചതോടെ പാകിസ്ഥാൻ സ്കോർ അതിവേഗം കുറിച്ചു.

വെറും 63 പന്തിൽ നിന്നുമാണ് ഫഖർ സമാൻ സെഞ്ചുറി നേടിയത്. മത്സരം ആവേശകരമായി പുരോഗമിക്കുന്നതിനെ മഴ വില്ലനായി എത്തുകയായിരുന്നു. പാകിസ്ഥാൻ 160 റൺസ് നേടി നിൽക്കവെയാണ് വില്ലനായി മഴ എത്തിയത്. പിന്നീട് മത്സരം 41 ഓവറാക്കുകയും വിജയലക്ഷ്യം 342 റൺസായി മാറുകയും ചെയ്തു. പിന്നീട് പാകിസ്ഥാൻ 25.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 നേടിനിക്കവെ മഴ വീണ്ടും കളി തടസ്സപെടുത്തി.

മഴ ശമിക്കാത്തതിനെ തുടർന്ന് മത്സരം പുനരാരംഭിക്കാൻ സാധിക്കാതെ വരികയും DRS PAR സ്കോറിന് 21 റൺസ് മുൻപിലായതിനാൽ പാകിസ്ഥാനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഫഖർ സമാൻ 81 പന്തിൽ 8 ഫോറും 11 സിക്സും ഉൾപ്പടെ 126 റൺസ് നേടിയപ്പോൾ ബാബർ അസം 63 പന്തിൽ 66 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 94 പന്തിൽ 108 റൺസ് നേടിയ രച്ചിൻ രവീന്ദ്ര, 79 പന്തിൽ 95 റൺസ് നേടിയ കെയ്ൻ വില്യംസൺ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.