Skip to content

സമ്മതിക്കാൻ എന്താണ് മടി ! ഹസൻ റാസയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വസീം അക്രം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ പന്തിൽ കൃത്രിമം കാണിച്ചുവെന്ന മുൻ പാകിസ്ഥാൻ താരം ഹസൻ റാസയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വസീം അക്രം.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ശ്രീലങ്ക 55 റൺസിന് പുറത്തായതിന് പുറകെയാണ് ഇന്ത്യൻ ബൗളർമാർക്ക് വേണ്ടി പന്ത് മാറ്റുന്നുവെന്ന ആരോപണവുമായി ഹസൻ റാസ രംഗത്തെത്തിയത്. ഈ ആരോപണങ്ങൾ തള്ളികളഞ്ഞ വസീം അക്രം ഇത്തരം മണ്ടതരങ്ങൾ പറഞ്ഞ് പാകിസ്ഥാനെ ഒന്നടങ്കം നാണംകെടുത്തരുതെന്നും ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പറയുന്നത് പോലെയാണ് തങ്ങൾക്ക് തോന്നിയതെന്നും വസീം അക്രം തുറന്നടിച്ചു.

” കഴിഞ്ഞ രണ്ട് ദിവസമായി ഞാനിത് വായിക്കുന്നു. ഇവർ കഴിച്ചതെന്തോ അത് എനിക്കും വേണം, കാരണം ഇത് കേൾക്കാൻ നല്ല രസമുണ്ട്. ഒരു കാര്യം ഓർമ്മ വേണം നിങ്ങൾ നിങ്ങളെ മാത്രമല്ല ലോകത്തിന് മുൻപിൽ നാണംകെടുത്തുന്നത്, ഞങ്ങളെ കൂടിയാണ്. ” വസീം അക്രം പറഞ്ഞു.

ഇന്ത്യൻ പേസർമാർ മികച്ചതാണെന്ന് പറയുവാൻ എന്തിനാണ് പ്രയാസപെടുന്നതെന്നും മുൻപെല്ലാം ഇന്ത്യൻ പേസർമാർക്ക് പന്ത് സ്വിങ് ചെയ്യാനാകില്ലെന്ന സംസാരം പാകിസ്ഥാനിൽ ഉണ്ടായിരുന്നുവെന്നും പക്ഷേ ഇപ്പോൾ ഇന്ത്യൻ ബൗളർമാർക്ക് അത് സാധിക്കുമെന്ന് മാത്രമല്ല അവർ എതിർടീം ബൗളർമാരേക്കാൾ മികച്ചവരാണെന്നും വസീം അക്രം തുറന്നുപറഞ്ഞു.