Skip to content

ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം തിരിച്ചടിയാകുമോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

സ്റ്റാർ ഓൾ റൗണ്ടറും ടീമിൻ്റെ വൈസ് ക്യാപ്റ്റനുമായ ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം ലോകകപ്പിലെ വരും മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് ഇന്നലെയാണ് താരം ലോകകപ്പിൽ നിന്നും പുറത്തായെന്ന ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെയാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹാർദിക്ക് പാണ്ഡ്യ പുറത്തായതോടെ മത്സരങ്ങളിൽ ആറാം ബൗളിംഗ് ഓപ്ഷൻ ഇന്ത്യയ്ക്ക് നഷ്ടമാകുമെങ്കിലും അത് തിരിച്ചടിയാകില്ലെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ നാല് മത്സരങ്ങളിൽ ആറാം ബൗളിംഗ് ഓപ്ഷൻ ഇല്ലാതെയാണ് കളിച്ചതെന്നും അതിലെല്ലാം വിജയം നേടുവാനും തങ്ങൾക്ക് സാധിച്ചുവെന്നും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ഹാർദിക്ക് പാണ്ഡ്യ ഇല്ലാതെ കളിച്ചിട്ടും തങ്ങൾ വിജയിച്ചുവെന്നും ഈ വെല്ലുവിളി മികച്ച രീതിയിൽ നേരിടുവാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ടെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

തുടർച്ചയായ ഏഴ് വിജയം നേടികൊണ്ട് സെമിഫൈനലിന് യോഗ്യത നേടിയ ഇന്ത്യ ഇന്ന് സൗത്താഫ്രിക്കയെ നേരിടും. ഏഴ് മത്സരങ്ങളിൽ ആറിലും വിജയിച്ച സൗത്താഫ്രിക്കയും ഇതിനോടകം സെമിഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. കൊൽക്കത്തയിലാണ് മത്സരങ്ങൾ നടക്കുന്നത്.