Skip to content

ഐ പി എല്ലിൽ കളിക്കാനാകാത്തത് അവർക്ക് തിരിച്ചടിയായി : പാകിസ്ഥാൻ ടീം ഡയറക്ടർ

ഐസിസി ഏകദിന ലോകകപ്പിൽ മോശം പ്രകടനമാണ് പാകിസ്ഥാൻ തുടരുന്നത്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച പാകിസ്ഥാന് പിന്നീടുള്ള അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. ഇതിനിടെ മറ്റു ടീമുകളിലെ പ്രധാന താരങ്ങൾക്ക് ലഭിച്ച ആനുകൂല്യം തങ്ങൾക്ക് ലഭിച്ചില്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പാക് ടീം ഡയറക്ടർ മിക്കി ആർതർ.

ലോകകപ്പിൽ മറ്റുള്ള ടീമിലെ താരങ്ങൾക്ക് ഇന്ത്യയിൽ കളിച്ച് പരിചയം ഉണ്ടെന്നും ആ ആനുകൂല്യം തങ്ങളുടെ താരങ്ങൾക്ക് ഇല്ലെന്നും മിക്കി ആർതർ പറഞ്ഞു. പാകിസ്ഥാൻ ടീമിലെ ആരും തന്നെ ലോകകപ്പിന് മുൻപ് ഇന്ത്യൻ മണ്ണിൽ കളിച്ചിട്ടില്ല.

” ഐ പി എല്ലിൽ പാക് താരങ്ങൾ കളിച്ചിട്ടില്ലയെന്നത് മുടന്തൻ ന്യായമായി ഞാൻ പറയുന്നില്ല. പക്ഷേ അതുമൊരു കാരണം തന്നെയാണ്. പക്ഷേ രസകരമായ കാര്യം ഞങ്ങൾ കളിച്ച ഓരോ വേദിയും ഞങ്ങളുടെ കളിക്കാർക്ക് പുതിയ വേദിയായിരുന്നു. അതവർ ആസ്വദിക്കുകയും ചെയ്തു. “

” ഐ പി എൽ അവർ കണ്ടിട്ടുണ്ട്, പിന്നെ ഈഡൻ ഗാർഡൻസ്, ബാംഗ്ലൂർ, ചെന്നൈ, ഹൈദരബാദ് തുടങ്ങിയ ഐക്കണിക് വേദികളിലെ ടെസ്റ്റ് മത്സരങ്ങളും അവർ കണ്ടിട്ടുണ്ട്. ആ വേദികളിൽ കളിക്കുകയെന്നത് അവരെ സംബന്ധിച്ച് ശരിക്കും ആവേശകരം തന്നെയായിരുന്നു. ” മിക്കി ആർതർ പറഞ്ഞു.