Skip to content

ക്രിക്കറ്റിലും കണ്ണുവെച്ച് സൗദി ! ഐ പി എല്ലിന് മുൻപിൽ വമ്പൻ ഓഫർ

ഫുട്ബോളിന് പുറകെ ക്രിക്കറ്റിലേക്കും നിക്ഷേപത്തിന് ഒരുങ്ങി സൗദി. റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐയ്ക്ക് മുൻപിൽ വമ്പൻ ഓഫറാണ് സൗദി വെച്ചിരിക്കുന്നത്. നേരത്തെ പുതിയ ക്രിക്കറ്റ് ലീഗിന് സൗദി ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നായ ഐ പി എല്ലിൽ തന്നെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് സൗദി.

നിലവിൽ ഐ പി എല്ലിൻ്റെ പ്രധാന സ്പോൺസർമാരിൽ ഒന്ന് സൗദി കമ്പനിയായ Aramco യാണ്. നിലവിൽ ഒരു മത്സരത്തിൻ്റെ മീഡിയ റൈറ്റ്സ് മൂല്യത്തിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ലീഗാണ് ഐ പി എൽ. സൗദിയുടെ ഫുട്ബോൾ ലീഗ് മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വരെ ഇക്കാര്യത്തിൽ ഐ പി എല്ലിന് പിന്നിലാണ് ഉള്ളത്.

റിപ്പോർട്ടുകൾ പ്രകാരം ഐ പി എല്ലിൽ 5 മില്യൺ ഡോളറിൻ്റെ നിക്ഷേപം നടത്തുവാനാണ് സൗദി പദ്ധതിയിടുന്നത്. ഇന്ത്യ സന്ദർശനത്തിൽ സൗദി പ്രിൻസ് തന്നെയാണ് ഈ ഓഫർ ബിസിസിഐയ്ക്ക് മുൻപിൽ വെച്ചത്. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. നിലവിൽ ഐ പി എല്ലിൻ്റെ പൂർണ ഉടമസ്ഥാവകാശം ബിസിസിഐയുടെ പക്കലാണ് ഉള്ളത്.

അടുത്ത വർഷത്തെ ഇലക്ഷന് ശേഷമായിരിക്കും ഇക്കാര്യത്തിൽ ബിസിസിഐ തീരുമാനം കൈകൊള്ളുക. കഴിഞ്ഞ വർഷം നടന്ന മീഡിയ റൈറ്റ്സ് ലേലത്തിലൂടെ 6.7 ബില്യൺ ഡോളറാണ് 2027 വരെ ബിസിസിഐയ്ക്ക് ലഭിക്കുന്നത്. ഒരു മത്സരത്തിൻ്റെ മീഡിയ റൈറ്റ്സ് വാല്യൂ 110 കോടിയ്ക്കും മേലെയാണ്.