Skip to content

ഐസിസി അവർക്ക് വേറെ പന്ത് നൽകുന്നു !! ഇന്ത്യയ്ക്കെതിരെ ആരോപണവുമായി മുൻ പാക് താരം

ഏകദിന ലോകകപ്പിൽ ഇന്ത്യ മേധാവിത്വം തുടരുന്നതിനിടെ ഇന്ത്യൻ ടീമിനെതിരെ ആരോപണവുമായി മുൻ പാകിസ്ഥാൻ താരം ഹസൻ റാസ രംഗത്ത്. പ്രമുഖ പാക് ടെലിവിഷൻ ചാനലിൽ സംസാരിക്കവെയാണ് ഇന്ത്യയ്ക്കും ഐസിസിയ്ക്കുമെതിരെ ആരോപണം ഹസൻ റാസ നടത്തിയത്.

വാങ്കഡെയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കൻ ടീമിനെ വെറും 55 റൺസിൽ ഓൾ ഔട്ടാക്കി വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. മൊഹമ്മദ് ഷാമി അഞ്ച് വിക്കറ്റ് നേടിയപ്പോൾ സിറാജ് മൂന്ന് വിക്കറ്റ് നേടിയിരുന്നു. ഇന്ത്യൻ ബൗളർമാരുടെ ഈ പ്രകടനത്തിന് കാരണം പന്തിൽ കൃത്രിമത്വം കാണിച്ചതിലാണെന്നാണ് ഹസൻ റാസ ആരോപിച്ചിരിക്കുന്നത്.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി ഐസിസി പന്ത് മാറ്റിയെന്നും ഷാമിയും സിറാജും സൗത്താഫ്രിക്കയിൽ അലൻ ഡൊണാഡും മഖായ എൻ്റിനിയും പന്തെറിയുന്ന പോലെയാണ് ബൗൾ ചെയ്യുന്നതെന്നും ഹസൻ റാസ പറഞ്ഞു. ഐസിസി പന്ത് മാറ്റുന്നതുകൊണ്ടാണ് എതിർ ടീമിലെ ബൗളർമാരേക്കാൾ സ്വിങും സീമും ഇന്ത്യൻ ബൗളർമാർക്ക് ലഭിക്കുന്നതെന്നും തൻ്റെ അഭിപ്രായത്തിൽ ഈ പന്തുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹസൻ റാസ അഭിപ്രായപെട്ടു.

മറുഭാഗത്ത് തുടർച്ചയായ ഏഴാം വിജയം നേടികൊണ്ട് കുതിപ്പ് തുടരുകയാണ് ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ ലോകകപ്പ് സെമിഫൈനലിൽ യോഗ്യത നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി.