Skip to content

ആ തീരുമാനം എടുക്കുന്നത് അവരാണ് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ. വാങ്കഡെയിൽ ശ്രീലങ്കയെ തകർത്തുകൊണ്ടാണ് ഈ ലോകകപ്പിൽ സെമി ഉറപ്പാക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറിയത്. ലോകകപ്പിൽ മികച്ച പ്രകടനമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ ക്യാപ്റ്റൻസിയിലും ബാറ്റിങിലും കാഴ്ച്ചവെക്കുന്നത്. എന്നാൽ ആ ഒരു തീരുമാനം താനല്ല എടുക്കുന്നതെന്ന് ഹിറ്റ്മാൻ മത്സരശേഷം വെളിപെടുത്തി.

കളിക്കളത്തിൽ റിവ്യൂ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താനല്ലെന്നാണ് രോഹിത് ശർമ്മ തുറന്നുപറഞ്ഞിരിക്കുന്നത്. മറ്റുള്ള ടീമുകളിൽ ക്യാപ്റ്റന്മാർ അന്തിമ തീരുമാനം എടുക്കുമ്പോഴാണ് ടീമിന് മുൻഗണന നൽകികൊണ്ട് ഈ തീരുമാനത്തിൻ്റെ ഉത്തരവാദിത്വം അത് ഏറ്റവും നന്നായി എടുക്കാൻ കഴിയുന്ന വിക്കറ്റ് കീപ്പർക്കും ബൗളർക്കും ഹിറ്റ്മാൻ നൽകിയിരിക്കുന്നത്.

” ആ ഉത്തരവാദിത്വം ഞാൻ വിക്കറ്റ് കീപ്പർക്കും ബൗളർമാർക്കും വിട്ടുകൊടുത്തിരിക്കുകയാണ്. അവരാണ് എനിക്ക് വേണ്ടി തീരുമാനം എടുക്കേണ്ടത്. അതിനൊപ്പം വിശ്വസിക്കാവുന്ന മറ്റു ചിലരെയും കണ്ടെത്തേണ്ടതുണ്ട്. ഇത് എല്ലായ്പോഴും ശരിയാകില്ലെന്ന് എനിക്കറിയാം. ഇന്ന് ഒരു റിവ്യൂ ശരിയായപ്പോൾ മറ്റൊന്ന് നഷ്ടമായി. ” രോഹിത് ശർമ്മ മത്സരശേഷം പറഞ്ഞു.

ശ്രീലങ്കയെ 302 റൺസിന് പരാജയപെടുത്തികൊണ്ടാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19.4 ഓവറിൽ 55 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഇനി സൗത്താഫ്രിക്കയ്ക്കെതിരെയും നെതർലൻഡ്സിനെതിരെയുമാണ് ഇന്ത്യയ്ക്ക് മത്സരങ്ങൾ ഉള്ളത്.