Skip to content

തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് മൊഹമ്മദ് ഷാമി. ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരുന്ന ഷാമി ന്യൂസിലൻഡിനെതിരായ മത്സരത്തോടെയാണ് തിരിച്ചെത്തിയത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും മികവ് തുടർന്നതോടെ സ്റ്റാർക്കിനെ പിന്നിലാക്കി ലോകകപ്പിലെ വമ്പൻ റെക്കോർഡ് ഷാമി സ്വന്തമാക്കി.

ഇന്ത്യ 302 റൺസിന് വിജയിച്ച മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ ഷാമി നേടിയിരുന്നു. ഷാമിയ്ക്കൊപ്പം മൂന്ന് വിക്കറ്റും നേടിയ സിറാജും തിളങ്ങിയതോടെ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19.4 ഓവറിൽ വെറും 55 റൺസിൽ ഓൾ ഔട്ടായി.

ഇത് ഏഴാം തവണയാണ് ഏകദിന ലോകകപ്പിൽ ഒരു മത്സരത്തിൽ നാലോ അതിൽ കൂടുതലോ വിക്കറ്റ് ഷാമി നേടുന്നത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 4+ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോർഡ് മൊഹമ്മദ് ഷാമി സ്വന്തമാക്കി.

6 തവണ 4+ വിക്കറ്റ് നേടിയിട്ടുള്ള ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെയാണ് ഷാമി പിന്നിലാക്കിയത്. 24 ഇന്നിങ്സിൽ നിന്നുമാണ് സ്റ്റാർക്ക് 6 തവണ 4+ വിക്കറ്റ് നേടിയത്. എന്നാൽ വെറും 14 ഇന്നിങ്സ് കളിച്ചുകൊണ്ടാണ് ഷാമി സ്റ്റാർക്കിനെ പിന്നിലാക്കിയത്.