Skip to content

കോഹ്ലിയെ കണ്ടുപഠിക്കൂ ! ബാബറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. വെറുതെ റൺസ് അടിച്ചുകൂട്ടുന്നതിൽ യാതൊരു കാര്യവും ഇല്ലെന്നും ഇന്ത്യൻ താരങ്ങളായ കോഹ്ലി അടക്കമുളളവർക്കുള്ള ആ കഴിവ് ബാബർ അസമിന് ഇല്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.

ഈ ലോകകപ്പിൽ മൂന്ന് ഫിഫ്റ്റി ബാബർ അസം നേടിയിട്ടുണ്ട്. പക്ഷേ പാകിസ്ഥാൻ്റെ വിജയത്തിലേക്ക് നയിക്കുവാൻ പോന്ന ഒരു ഒരു പ്രകടനം താരത്തിൽ നിന്നും ഉണ്ടായിട്ടില്ല. നിലവിൽ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്.

” ബാബർ റൺസ് നേടുന്നുവെന്നതും ബാബർ വിജയിപ്പിക്കാൻ റൺസ് നേടുന്നുവെന്നതും വ്യത്യസ്തമാണ്. നിങ്ങൾ വിരാട് കോഹ്ലിയെയും കെ എൽ രാഹുലിനെയും നോക്കൂ, അവർ റൺസ് നേടുന്നു. അതിനൊപ്പം ടീമിൻ്റെ വിജയം ഉറപ്പാക്കുകയും ചെയ്യുന്നു. “

” ഞാൻ ഒരു ബാബർ ആരാധകനാണ്. അവനൊരു വലിയ പ്ലേയറാണെന്ന് നമ്മൾ പറയുന്നു. ഈ ലെവലിൽ എത്തുകയെന്നത് പ്രയാസമാണ്. ഇവിടെ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് അതിലും പ്രയാസമാണ്. ബാബർ ബാറ്റിങിനായി ഇറങ്ങുമ്പോൾ മത്സരം വിജയിക്കുമെന്ന പ്രതീതി നമുക്ക് ലഭിക്കണം. പക്ഷേ നിഭാഗ്യവശാൽ നമുക്കത് ലഭിക്കുന്നില്ല. അവൻ അമ്പതോ അറുപതോ റൺസ് നേടിയേക്കാം. പക്ഷേ അവൻ നമ്മളെ വിജയിപ്പിക്കുമെന്ന ആത്മവിശ്വാസം നമുക്ക് ലഭിക്കുന്നില്ല. ” ഷാഹിദ് അഫ്രീദി പറഞ്ഞു.