Skip to content

ഞാൻ എനിക്ക് വേണ്ടിയല്ല കളിക്കുന്നത് ! ലോകകപ്പിലെ പ്രകടനത്തെ കുറിച്ച് രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിലെ തൻ്റെ ബാറ്റിങ് സമീപനത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യ മത്സരത്തിൽ തിളങ്ങിയില്ലയെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ടോപ് റൺസ് സ്കോററും രോഹിത് ശർമ്മയാണ്.

മറ്റു മത്സരങ്ങളിൽ അതിവേഗത്തിൽ റൺസ് നേടി ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം നൽകിയ ഹിറ്റ്മാൻ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ അതീവ ശ്രദ്ധയോടെ ബാറ്റ് വീശി ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയിരുന്നു. രോഹിത് ശർമ്മയുടെ ഫിഫ്റ്റിയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ ഇന്ത്യ നേടിയതും ഒടുവിൽ വിജയം കുറിച്ചതും. ഈ ലോകകപ്പിൽ തൻ്റെ ബാറ്റിങ് താൻ ആസ്വദിച്ച് കൊണ്ടിരിക്കുകയാണെന്നും പക്ഷേ ടീമിൻ്റെ ആവശ്യത്തിന് അനുസരിച്ചാണ് താൻ ബാറ്റ് ചെയ്യുന്നതെന്നും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുൻപായി ഹിറ്റ്മാൻ പറഞ്ഞു.

ഒന്നും നോക്കാതെ ആദ്യ പന്ത് മുതൽ ഷോട്ടുകൾ പായിച്ച് റൺസ് നേടുകയല്ല സാഹചര്യങ്ങൾ മനസ്സിലാക്കികൊണ്ട് ടീമിൻ്റെ മികച്ച നിലയിലെത്തിക്കുകയെന്നതാണ് തൻ്റെ ലക്ഷ്യമെന്നും താൻ ബാറ്റിങിന് എത്തുമ്പോൾ സ്കോർബോർഡ് പൂജ്യമാണെന്നും തുടക്കം നൽകേണ്ടത് ചുമതലയെന്നും പക്ഷേ വിക്കറ്റ് നഷ്ടപെട്ടിട്ടില്ലയെന്ന ആനുകൂല്യം എനിക്കുണ്ടെന്ന് പറയാനാകുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

ചില സമയത്ത് ഭയമില്ലാതെ കളിക്കാനാകുമെങ്കിലും കഴിഞ്ഞ മത്സരത്തിലെ പോലെ പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടപെട്ട് സമ്മർദ്ദത്തിലായാൽ ആ സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കണമെന്നും രോഹിത് ശർമ്മ പറഞ്ഞു.