Skip to content

തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ തൻ്റെ അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്ക്. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന താരം 7 മത്സരങ്ങളിൽ നിന്നും ഇതിനോടകം 4 സെഞ്ചുറി നേടികഴിഞ്ഞു. ന്യൂസിലൻഡിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെയും ഡീകോക്ക് പിന്നിലാക്കി.

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 116 പന്തിൽ 114 റൺസ് നേടിയാണ് ഡീകോക്ക് പുറത്തായത്. താരത്തിനൊപ്പം റാസി വാൻഡർ ഡസനും സെഞ്ചുറി നേടിയിരുന്നു. 118 പന്തിൽ 133 റൺസ് റാസി നേടിയിരുന്നു. മില്ലർ 30 പന്തിൽ 51 റൺസ് നേടി തകർത്തടിച്ചതോടെ സൗത്താഫ്രിക്ക 50 ഓവറിൽ 357 റൺസ് നേടി. മത്സരത്തിൽ 10 ഫോറും 3 സിക്സും ഡീകോക്ക് അടിച്ചുകൂട്ടിയിരുന്നു. ഇതോടെയാണ് തകർപ്പൻ നേട്ടത്തിൽ ഗിൽക്രിസ്റ്റിനെ ഡീകോക്ക് പിന്നിലാക്കിയത്.

ഏകദിന ലോകകപ്പിൽ ഇതുവരെ 22 സിക്സ് ഡീകോക്ക് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന നേട്ടം താരം സ്വന്തമാക്കി. 19 സിക്സ് നേടിയിട്ടുള്ള മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആഡം ഗിൽക്രിസ്റ്റിനെയാണ് ഡീകോക്ക് പിന്നിലാക്കിയത്. 15 സിക്സ് വീതം നേടിയിട്ടുള്ള എം എസ് ധോണിയും മാർക്ക് ബൗച്ചറുമാണ് മൂന്നാം സ്ഥാനത്തുള്ളത്.

ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്നും 4 സെഞ്ചുറിയടക്കം 77.66 ശരാശരിയിൽ 545 റൺസ് ഡീകോക്ക് നേടിയിട്ടുണ്ട്.