Skip to content

വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടവുമായി ഡീകോക്ക്

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൻ ഡീകോക്ക്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്കൻ താരം.

മത്സരത്തിൽ ഡീകോക്കിൻ്റെയും റാസി വാൻഡർ ഡസൻ്റെയും സെഞ്ചുറി മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് സൗത്താഫ്രിക്ക നേടിയിട്ടുണ്ട്. വാൻഡർ ഡസൻ 118 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പടെ 133 റൺസ് നേടിയപ്പോൾ 116 പന്തിൽ 10 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 113 റൺസ് നേടിയാണ് ഡീകോക്ക് പുറത്തായത്.

ഈ ലോകകപ്പിലെ തൻ്റെ നാലാം സെഞ്ചുറിയാണ് ഡീകോക്ക് നേടിയിരിക്കുന്നത്. ഇതിന് മുൻപ് ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും ബംഗ്ളാദേശിനെതിരെയും ഡീകോക്ക് സെഞ്ചുറി നേടിയിരുന്നു.

ഇതോടെ ഒരു ലോകകപ്പിൽ നാലോ അതിലധികമോ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡ് ഡീകോക്ക് സ്വന്തമാക്കി. 2015 ലോകകപ്പിൽ നാല് സെഞ്ചുറി നേടിയ കുമാർ സംഗക്കാരയും 2019 ലോകകപ്പിൽ 5 സെഞ്ചുറി നേടിയിട്ടുള്ള രോഹിത് ശർമ്മയുമാണ് ഇതിന് മുൻപ് ഈ റെക്കോർഡ് നേടിയിട്ടുള്ളത്.

മത്സരത്തിലെ പ്രകടനം അടക്കം ഈ ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്നും 545 റൺസ് ഡീകോക്ക് നേടികഴിഞ്ഞു. ഒരു ലോകകപ്പിൽ 500 ലധികം റൺസ് നേടുന്ന ആദ്യ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ കൂടിയാണ് ഡീകോക്ക്.