Skip to content

സെഞ്ചുറികളെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ! വീരേന്ദർ സെവാഗ്

ക്രിക്കറ്റിലെ ലോകോത്തര ബൗളർമാർക്ക് പോലും എന്നും പേടിസ്വപ്നമായിരുന്നു മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ബ്രെറ്റ് ലീയും, മുത്തയ്യ മുരളീധരനും അടക്കമുളള ബൗളർമാർ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. 90 കളിൽ നിൽക്കുമ്പോൾ പോലും ടീമിനായി ബൗണ്ടറി കണ്ടെത്താനാണ് സെവാഗ് ശ്രമിക്കുക. സെഞ്ചുറികൾക്ക് പിന്നാലെ പോകാത്തതിൻ്റെ കാരണം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് സെവാഗ്.

ജിയോ സിനിമയിൽ സംസാരിക്കവെയാണ് ഇതിനെ കുറിച്ച് സെവാഗ് മനസ്സുതുറന്നത്. എന്നും ഫോർമാറ്റോ സാഹചര്യമോ പരിഗണിക്കാതെയാണ് സെവാഗ് ബാറ്റ് ചെയ്തിട്ടുള്ളത്. വ്യക്തിഗത നേട്ടങ്ങൾ, ടീമിലെ സ്ഥാനം എന്നിവയേക്കാൾ ടീമിൻ്റെ സ്കോർ ഉയർത്തുന്നതിനാണ് സെവാഗ് പരിഗണന നൽകിയിരുന്നത്.

” ഞാൻ തൊടുന്നതെല്ലാം സ്വർണമായി മാറുമെന്ന നാളുകൾ വരുമെന്ന് എൻ്റെ അമ്മ പറയുമായിരുന്നു. അതുപോലെ തന്നെ കരിയറിൽ എതിർടീമിന് ഞാൻ പലകുറി തലവേദനയായിട്ടുണ്ട്. ക്രീസിൽ നിലയുറപ്പിച്ചാൽ വലിയ സ്കോർ നേടണമെന്ന ചിന്തയോടെയാണ് ഞാൻ ബാറ്റ് ചെയ്തിരുന്നത്. ഞാൻ വേഗത്തിൽ റൺസ് നേടി, അതായിരുന്നു എൻ്റെ ഐഡൻ്റിറ്റി. ഒരിക്കലും വ്യക്തിഗത ലക്ഷ്യങ്ങൾ എനിക്ക് ഉണ്ടായിരുന്നില്ല. ”

” തൊണ്ണൂറുകളിൽ ബാറ്റ് ചെയ്യുമ്പോൾ പോലും ഞാൻ സെഞ്ചുറികളെ കുറിച്ച് ചിന്തിക്കാറില്ല. 250 റൺസ് നേടണമെങ്കിൽ സെഞ്ചുറി കടക്കുകയെന്നത് ചെറിയ കടമ്പയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ 90 റൺസ് നേടിയെങ്കിൽ പിച്ചിൽ പന്ത് എങ്ങനെ പെരുമാറുന്നുവെന്ന് ഞാൻ മനസ്സിലാക്കികഴിഞ്ഞുവെന്നാണ്, അതിനാൽ തന്നെ പന്ത് എൻ്റെ സോണിൽ ആണെങ്കിൽ ഞാൻ തീർച്ചയായും ബൗണ്ടറിയ്ക്ക് ശ്രമിക്കും. ” സെവാഗ് കൂട്ടിച്ചേർത്തു.