Skip to content

ഇവിടെ അവരാരും കളിച്ചിട്ടില്ല ! തുടർതോൽവികളിൽ ന്യായവുമായി പാകിസ്ഥാൻ ഹെഡ് കോച്ച്

ഐസിസി ഏകദിന ലോകകപ്പിൽ ദയനീയ പ്രകടനമാണ് പാകിസ്ഥാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ടൂർണമെൻ്റിൽ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച പാകിസ്ഥാൻ പിന്നീടുള്ള നാല് മത്സരങ്ങളിലും പരാജയപെട്ടിരുന്നു. ഇപ്പോഴിതാ ടീമിൻ്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് ഹെഡ് കോച്ച് ഗ്രാൻഡ് ബ്രാഡ്ബേൺ.

ബംഗ്ളാദേശാണ് അടുത്ത മത്സരത്തിൽ പാകിസ്ഥാൻ്റെ എതിരാളികൾ. ബംഗ്ളാദേശിൻ്റെ സ്ഥിതിയാകട്ടെ അതിലും ദയനീയമാണ് 6 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത്. ലോകകപ്പിലെ തങ്ങളുടെ മോശം പ്രകടനത്തിന് ഇന്ത്യൻ പിച്ചുകളിലെ പരിചയകുറവാണെന്ന് പാകിസ്ഥാൻ ഹെഡ് കോച്ച് പറഞ്ഞു.

” ഈ ടൂർണമെൻ്റ് നടക്കുന്നത് വിദേശ സാഹചര്യങ്ങളിലാണ്. ഞങ്ങളുടെ ടീമിലെ ഒരൊറ്റ താരം പോലും ഇതിന് മുൻപ് ഇവിടെ കളിച്ചിട്ടില്ല. എല്ലാ വേദികളും ഞങ്ങൾക്ക് പുതിയതാണ്. ”

” ഞങ്ങൾ ഓരോ മത്സരത്തിന് മുൻപും എതിരാളികൾക്ക് അനുസരിച്ച് തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. എന്നാൽ ഓരോ വേദിയും ഞങ്ങൾക്ക് പുതിയതാണ്. പക്ഷേ കഴിവിൻ്റെയും അറിവിൻ്റെയും അടിസ്ഥാനത്തിൽ ഞങ്ങൾക്ക് പോരായ്മകൾ അനുഭവപെടുന്നില്ല. ” പാക് ഹെഡ് കോച്ച് പറഞ്ഞു.

ഐസിസി റാങ്കിങിൽ ഇന്ത്യയ്ക്ക് പുറകിൽ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്ഥാൻ ലോകകപ്പിന് എത്തിയത്. പക്ഷേ റാങ്കിങിൽ യാതൊരു കാര്യവും ഇല്ലെന്നും ഇന്ത്യ അടക്കമുള്ള മറ്റു മുൻനിര ടീമുകളായി കൂടുതൽ മത്സരങ്ങൾ കളിക്കാനുള്ള അവസരം തങ്ങൾക്ക് ലഭിക്കാറില്ലെന്നും ബ്രാഡ്ബെൻ പറഞ്ഞു.