Skip to content

ഫീൽഡിങിലാണ് കാര്യം !! ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത് അവസാന ഓവറിലെ സേവുകൾ

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ഒടുവിൽ തകർപ്പൻ ഫോമിലുള്ള ന്യൂസിലൻഡിനെയും ആവേശപോരാട്ടത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ചു. സമ്മർദ്ദത്തെ അതിജീവിച്ചുള്ള അവസാന ഓവറിലെ ഗംഭീര ഫീൽഡിങാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്.

മത്സരത്തിൽ 389 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് അവസാന ഓവറിൽ 19 റൺസായിരുന്നു വേണ്ടത്. സ്റ്റാർക്കിൻ്റെ ആദ്യ പന്തിൽ സിംഗിൾ നേടി ബോൾട്ട് സ്ട്രൈക്ക് ഫിഫ്റ്റി നേടിയ ജിമ്മി നീഷത്തിന് കൈമാറി. സ്റ്റാർക്ക് എറിഞ്ഞ തൊട്ടടുത്ത പന്ത് വൈഡായി ബൗണ്ടറിയിലേക്ക് പോയതോടെ ന്യൂസിലൻഡ് വിജയം 13 റൺസ് മാത്രം അകലെയായി.

തൊട്ടടുത്ത മൂന്ന് പന്തിലും ബൗണ്ടറിയ്ക്ക് ശ്രമിച്ചുവെങ്കിലും മൂന്ന് പന്തിലും ഡബിൾ ഓടാൻ മാത്രമെ നീഷത്തിന് സാധിച്ചില്ല. ഇതിൽ മൂന്നാം പന്തിൽ മാക്സ്വെല്ലിൻ്റെയും തൊട്ടടുത്ത പന്തിൽ മാർനസ് ലാബുഷെയ്ൻ്റെയും ഫീൽഡിംഗ് മികവ് കൊണ്ട് മാത്രമാണ് അത് ബൗണ്ടറിയാകാതെ പോയത്. പിന്നീട് അഞ്ചാം പന്തിൽ മികച്ച ത്രോയിലൂടെ ലാബുഷെയ്ൻ നീഷത്തിൻ്റെ ഡബിൾ നേടാനുള്ള ശ്രമം പരാജയപെടുത്തി. തക്കസമയത്ത് പന്ത് കൈപ്പിടിയിൽ ഒതുക്കി വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീഷ് ജിമ്മി നീഷത്തെ റണ്ണൗട്ടാക്കുകയായിരുന്നു. അവസാന പന്തിൽ 6 റൺസ് വേണമെന്നിരിക്കെ ഒരു റൺ നേടാൻ മാത്രമെ ലോക്കി ഫെർഗൂസണ് സാധിച്ചുള്ളൂ.

ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയോടും സൗത്താഫ്രിക്കയോടുമാണ് ഓസ്ട്രേലിയ പരാജയപെട്ടത്. ആ മത്സരങ്ങളിൽ ഫീൽഡിങിൽ വലിയ പിഴവുകൾ ഓസ്ട്രേലിയയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പിന്നീടുള്ള മൽസരങ്ങളിൽ അതെല്ലാം പരിഹരിച്ചുകൊണ്ടാണ് ശക്തമായ തിരിച്ചുവരവ് ഓസീസ് നടത്തിയിരിക്കുന്നത്.