Skip to content

അവൻ അത്ര വലിയ ബാറ്റ്സ്മാനൊന്നുമല്ല ! ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം

ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ മോശം പ്രകടനം തുടരുന്നതിനിടെ പാക് ക്യാപ്റ്റനെതിരെ വിമർശനവുമായി മുൻ താരം മൊഹമ്മദ് ഹഫീസ്. പാക് ആരാധകർ വാഴ്ത്തുന്നത് പോലെ ബാബർ അസം അത്ര മികച്ച കളിക്കാരൻ ഒന്നുമല്ലയെന്നും ബാബറിൽ അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്നും മൊഹമ്മദ് ഹഫീസ് പറഞ്ഞു.

ലോകകപ്പിൽ ഇതുവരെ മൂന്ന് ഫിഫ്റ്റി നേടാൻ മാത്രമാണ് ബാബറിന് സാധിച്ചിട്ടുള്ളത്. പക്ഷേ പാകിസ്ഥാൻ്റെ വിജയത്തിലേക്ക് നയിക്കുന്ന പ്രകടനം ബാബറിൽ നിന്നും ഉണ്ടായിട്ടില്ല. കൂടാതെ ആറിൽ നാല് മത്സരങ്ങളിലും പരാജയപെട്ട പാകിസ്ഥാൻ്റെ സെമിഫൈനൽ സാധ്യതകളും ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു.

” ബാബർ അസം മോശക്കാരൻ ആണെന്നല്ല പറയുന്നത്. അവൻ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്. പക്ഷേ അവനിൽ നിന്നുള്ള പ്രതീക്ഷകളും താരതമ്യങ്ങളും ശരിയല്ല. നിലവിലെ പാകിസ്ഥാൻ ബാറ്റ്സ്മാന്മാരിൽ ഏറ്റവും മികച്ച താരം അവനാണ്. പക്ഷേ ക്രിക്കറ്റിലെ മഹാന്മാരുമായി താരതമ്യം ചെയ്യുന്നത് അവൻ്റെ കഴിവിനോട് ചെയ്യുന്ന അനീതിയാണ്. “

” ബാബറിനെ പാകിസ്ഥാൻ്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനെന്നും പറയാനാകില്ല. അങ്ങനെ പറയുന്നവർ പാകിസ്ഥാൻ്റെ ഇതിഹാസ താരങ്ങളെയോ ലോകത്തിലെ മറ്റു ഇതിഹാസങ്ങളെയോ കണ്ടിട്ടുണ്ടാകില്ല. അവൻ ഇനിയും ഒരുപാട് കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ട്. ഇനിയും ഒരുപാട് സാഹചര്യങ്ങൾ അവന് മുൻപിൽ വരും. പക്ഷേ അതിന് മുൻപേ അവനൊരു പട്ടം ചാർത്തികൊടുക്കുന്നത് അവനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ” ഹഫീസ് പറഞ്ഞു.