Skip to content

ഇത് ഡച്ച് വീര്യം ! ബംഗ്ളാദേശിനെതിരെ തകർപ്പൻ വിജയവുമായി നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ തകർപ്പൻ വിജയവുമായി നെതർലൻഡ്സ്. ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 87 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം.

മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 42.2 ഓവറിൽ 142 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

40 പന്തിൽ 35 റൺസ് നേടിയ മെഹദി ഹസനാണ് ബംഗ്ളാദേശിൻ്റെ ടോപ് സ്കോറർ. ഷാക്കിബ് അൽ ഹസൻ 14 പന്തിൽ 5 റൺസും മുഷ്ഫിഖുർ റഹിം ഒരു റൺസും മഹ്മദുള്ള 20 റൺസും നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് നിശ്ചിത 50 ഓവറിൽ 229 റൺസ് നേടിയിരുന്നു. തുടക്കത്തിൽ തകർന്ന നെതർലൻഡ്സിനെ 89 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. വെസ്ലി ബറെസി 41 പന്തിൽ 41 റൺസ് നേടി.

ഈ ലോകകപ്പിലെ നെതർലൻഡ്സിൻ്റെ രണ്ടാം വിജയമാണിത്. നേരത്തെ ധർമ്മശാലയിൽ സൗത്താഫ്രിക്കയെ 38 റൺസിന് നെതർലൻഡ്സ് പരാജയപെടുത്തിയിരുന്നു.