Skip to content

സ്കോട്ട് എഡ്വാർഡ്സിന് കീഴിൽ പുതുചരിത്രഎഴുതി നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പിൽ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് നെതർലൻഡ്സ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ക്വാളിഫയറിൽ വിൻഡീസിനെയും സിംബാബ്വെയും പിന്നിലാക്കികൊണ്ട് ലോകകപ്പിലെത്തിയ നെതർലൻഡ്സ് ഇപ്പോഴിതാ ശക്തരായ സൗത്താഫ്രിക്കയെയും ഒടുവിൽ ബംഗ്ളാദേശിനെയും പരാജയപെടുത്തിയിരിക്കുകയാണ്.

ചെറിയ വിജയലക്ഷ്യം ഡിഫൻഡ് ചെയ്തുകൊണ്ടാണ് നെതർലൻഡ്സ് രണ്ട് മത്സരങ്ങളിലും വിജയം കുറിച്ചത്. അതിൽ പ്രധാന പങ്ക് വഹിച്ചത് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സ് തന്നെയാണ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ തന്നെയാണെന്ന് സ്കോട്ട് എഡ്വാർഡ്സിനെ വിശേഷിപ്പിക്കാം. മറ്റു ടീമുകളിലെ പോലെ സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ കൂടിയും രണ്ട് മത്സരങ്ങളിൽ വിജയിക്കാനും ചില മത്സരങ്ങളിൽ മികച്ച പോരാട്ടം കാഴ്ച്ചവെയ്ക്കാനും നെതർലൻഡ്സിന് സാധിച്ചു.

ഒരു ലോകകപ്പിൽ ഇതാദ്യമായാണ് ഒന്നിലധികം മത്സരങ്ങൾ നെതർലൻഡ്സ് വിജയിക്കുന്നത്. സൗത്താഫ്രിക്കയെ 38 റൺസിന് പരാജയപെടുത്തിയ നെതർലൻഡ്സ് ബംഗ്ളാദേശിനെ 87 റൺസിനാണ് പരാജയപെടുത്തിയത്. മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ളാദേശിന് 42.2 ഓവറിൽ 142 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മത്സരത്തിലെ വിജയത്തോടെ നെതർലൻഡ്സ് പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്തെത്തി. ഇനി അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ ടീമുകൾക്കെതിരെയാണ് നെതർലൻഡ്സിന് മത്സരങ്ങൾ ശേഷിക്കുന്നത്.