Skip to content

മുൻപിൽ രണ്ടുപേർ മാത്രം ! ചരിത്രനേട്ടത്തിൽ മലിംഗയ്ക്കൊപ്പമെത്തി മിച്ചൽ സ്റ്റാർക്ക്

ഏകദിന ലോകകപ്പിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് കാഴ്ച്ചവെച്ചിട്ടുള്ളത്. ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിക്കറ്റ് നേടുവാനും സ്റ്റാർക്കിന് സാധിച്ചിട്ടുണ്ട്. നെതർലൻഡ്സിനെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്തി സ്റ്റാർക്ക് ആ റെക്കോർഡ് കാത്തുസൂക്ഷിച്ചു. അതിനൊപ്പം ലോകകപ്പിൽ മറ്റൊരു നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ് സ്റ്റാർക്ക്.

ഓസ്ട്രേലിയ 309 റൺസിന് വിജയിച്ച മത്സരത്തിൽ ഒരു വിക്കറ്റാണ് സ്റ്റാർക്ക് നേടിയത്. ഇതോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറായി സ്റ്റാർക്ക് മാറി. 23 മത്സരങ്ങളിൽ നിന്നും 56 വിക്കറ്റ് സ്റ്റാർക്ക് നേടിയിട്ടുണ്ട്. 29 മത്സരങ്ങളിൽ നിന്നും 56 വിക്കറ്റ് നേടിയ ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയ്ക്കൊപ്പമാണ് സ്റ്റാർക്ക് എത്തിയത്. 55 വിക്കറ്റ് നേടിയിട്ടുള്ള വസീം അക്രത്തെയാണ് സ്റ്റാർക്ക് പിന്നിലാക്കിയത്.

ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഇനി രണ്ടുപേർ മാത്രമാണ് സ്റ്റാർക്കിന് മുൻപിലുള്ളത്. 40 മത്സരങ്ങളിൽ നിന്നും 68 റൺസ് നേടിയ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് രണ്ടാം സ്ഥാനത്തുള്ളത്. 39 മത്സരങ്ങളിൽ നിന്നും 71 വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്താണ് ഈ പട്ടികയിൽ തലപ്പത്തുള്ളത്.

ഏകദിന ലോകകപ്പിൽ കളിച്ച 23 മത്സരങ്ങളിൽ 23 ലും സ്റ്റാർക്ക് വിക്കറ്റ് നേടിയിട്ടുണ്ട്.