Skip to content

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! സൂപ്പർതാരത്തിൻ്റെ പരിക്ക് ഗുരുതരം

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളിലും വിജയിച്ചുകൊണ്ട് വിജയകുതിപ്പ് നടത്തുന്നതിനിടെ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി.

ബംഗ്ളാദേശിനെതിരായ മത്സരത്തിൽ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തുടക്കത്തിൽ പരിക്ക് നിസാരമെന്ന് കരുതിയെങ്കിലും താരത്തിൻ്റെ പരിക്ക് ഗുരുതരമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഹാർദിക്ക് പാണ്ഡ്യ കളിച്ചിരുന്നില്ല.

നിലവിൽ ബാംഗ്ലൂർ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിൽ കഴിയുന്ന താരത്തിന് ഇനി നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളിലും കളിക്കാനായേക്കില്ല. ഇംഗ്ലണ്ടിനെതിരെയും ബംഗ്ളാദേശിനെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടക്കാനിരിക്കുന്ന മത്സരങ്ങളാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് നഷ്ടമാകുക. ആദ്യ അഞ്ച് മത്സരങ്ങളും വിജയിച്ച് ശക്തമായ നിലയിലായതിനാൽ ഹാർദിക്ക് പാണ്ഡ്യയെ വേഗത്തിൽ തിരിച്ചെത്തിക്കേണ്ട ആവശ്യകത ഇന്ത്യയ്ക്കില്ല. എന്നാൽ ടൂർണമെൻ്റിൻ്റെ നിർണായക ഘട്ടത്തിൽ പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് നിർണായകമാകും.

ന്യൂസിലൻഡിനെതിരെ മൊഹമ്മദ് ഷാമിയാണ് പാണ്ഡ്യയ്ക്ക് പകരം ടീമിൽ എത്തിയത്.

ലഖ്നൗവിൽ ഇംഗ്ലണ്ടിനെതിരെ രവിചന്ദ്രൻ അശ്വിൻ കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്പിന്നിന് കൂടുതൽ അനുകൂലമായ പിച്ചായതിനാലാണ് അശ്വിനെ ഇന്ത്യ ടീമിൽ തിരിച്ചെത്തിക്കുന്നത്.

ഒക്ടോബർ 29 നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം നടക്കുന്നത്. അഞ്ചിൽ അഞ്ചിലും വിജയിച്ച ഇന്ത്യ പോയിൻറ് ടേബിളിൽ ഒന്നാം സ്ഥാനത്തും നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ഇംഗ്ലണ്ട് പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്തും ആണുള്ളത്.