Skip to content

ഞാനും അതുപോലെ മാപ്പ് പറഞ്ഞിട്ടുണ്ട് ! സൗത്താഫ്രിക്കയ്ക്കാർ നല്ലയാളുകൾ: എസ് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സൗത്താഫ്രിക്ക മത്സരത്തിനിടെ അഗ്രസീവ് സെലിബ്രേഷന് ശേഷം ഹെൻറിച്ച് ക്ലാസൻ മാർക്ക് വുഡിനോട് മാപ്പുപറഞ്ഞ സംഭവത്തിനോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.

സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ മാർക്ക് വുഡിനെതിരെ ബൗണ്ടറി നേടി സെഞ്ചുറി പൂർത്തിയാക്കിയതോടെയാണ് ഇംഗ്ലണ്ട് പേസർക്ക് മുൻപിൽ ക്ലാസൻ അഗ്രസീവായി സെലിബ്രേറ്റ് ചെയ്തത്. താൻ അതിരുവിട്ടുവെന്ന് മനസ്സിലാക്കിയ താരം അതിന് ശേഷം മാർക്ക് വുഡിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

” ക്ലാസൻ്റെ ആ സെലിബ്രേഷൻ നമുക്ക് മനസ്സിലാവും. സെഞ്ചുറികളും അഞ്ച് വിക്കറ്റ് നേട്ടവും അടക്കമുള്ള നാഴികകല്ലുകൾ പ്രധാനമാണ്. ആ നേട്ടങ്ങളിൽ എത്തുമ്പോൾ തീർച്ചയായും വികാരങ്ങൾ പുറത്തുവരും. ”

” വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഗംഭീര പ്രകടനമാണ് ക്ലാസൻ പുറത്തെടുത്തത്. സൗത്താഫ്രിക്കൻ താരങ്ങൾ അഹങ്കാരികൾ അല്ല അവർ വളരെ നല്ല ആളുകളാണ്. ” ശ്രീശാന്ത് പറഞ്ഞു.

താൻ ഇന്ത്യയ്ക്കായി കളിക്കുന്നതിനിടെ ഇത്തരത്തിൽ സൗത്താഫ്രിക്കൻ താരം ഹാഷിം അംലയോട് ക്ഷമ ചോദിച്ച സംഭവത്തെ കുറിച്ചും ശ്രീശാന്ത് വെളിപ്പെടുത്തി. 2006-07 പര്യടനത്തിനിടെ ഹാഷിം അംലയുടെ മികവിനെ കുറിച്ചുള്ള ഒരുപാട് ലേഖനങ്ങൾ വന്നുവെന്നും അംല ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഏവരും കരുതിയിരുന്നതെന്നും പക്ഷേ രണ്ട് ഇന്നിങ്സിലും താൻ അംലയെ പൂജ്യത്തിന് പുറത്താക്കിയെന്നും വിക്കറ്റിന് ശേഷമുള്ള സെലിബ്രേഷൻ കാരണം 60% പിഴശിക്ഷ ലഭിച്ചുവെന്നും എന്നിരുന്നാലും തൻ്റെ പെരുമാറ്റത്തിൽ ഹാഷിം അംലയോട് ക്ഷമ ചോദിക്കാൻ താൻ മറന്നില്ലയെന്നും ശ്രീശാന്ത് പറഞ്ഞു.