Skip to content

തുടർതോൽവികൾ ! ഇന്ത്യയിൽ നിന്നും ബംഗ്ളാദേശിലേക്ക് മടങ്ങി ഷാക്കിബ് അൽ ഹസൻ

ലോകകപ്പിൽ ഏറ്റുവാങ്ങിയ തുടർതോൽവികൾക്ക് പുറകെ ഇന്ത്യയിൽ നിന്നും ബംഗ്ളാദേശിലേക്ക് മടങ്ങി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ടൂർണമെൻ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഷാക്കിബിന് സാധിച്ചിട്ടില്ല. ഇതിനിടെയാണ് താരം ബംഗ്ലാദേശിലേക്ക് മടങ്ങിയത്.

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ പരാജയപെടുത്തികൊണ്ട് വിജയത്തോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. എന്നാൽ പിന്നീട് ഇംഗ്ലണ്ടിനെതിരെയും ന്യൂസിലൻഡിനെതിരെയും ഇന്ത്യയ്ക്കെതിരെയും ഒടുവിൽ സൗത്താഫ്രിക്കയ്ക്കെതിരെയും ബംഗ്ലാദേശ് പരാജയപെട്ടു.

തൻ്റെ പേർസണൽ ഉപദേശകനായ നസ്മുൽ ഫഹീനൊപ്പം പരിശീലനം നടത്തുവാൻ വേണ്ടിയാണ് ഷാക്കിബ് ധാക്കയിൽ എത്തിയിരിക്കുന്നത്. ഇനി കൊൽക്കത്തയിൽ നെതർലൻഡ്സിനെതിരെയും പാകിസ്ഥാനെതിരെയുമാണ് ബംഗ്ളാദേശിന് മത്സരമുള്ളത്. ഇതിന് മുൻപാണ് ഉപദേശകനൊപ്പം ഷാക്കിബ് മൂന്ന് ദിവസം പരിശീലനം നടത്തുക. അതിന് ശേഷം നെതർലൻഡ്സിനെതിരായ മത്സരത്തിന് മുൻപായി താരം കൊൽക്കത്തയിൽ തിരിച്ചെത്തും.

ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ അവിസ്മരണീയ പ്രകടനമായിരുന്നു ഷാക്കിബ് കാഴ്ച്ചവെച്ചത്. 8 മൽസരങ്ങളിൽ നിന്നും രണ്ട് സെഞ്ചുറി അടക്കം 606 റൺസ് നേടിയ ഷാക്കിബ് 11 വിക്കറ്റും നേടിയിരുന്നു. എന്നാൽ ഈ ലോകകപ്പിൽ ഇതുവരെ 6 വിക്കറ്റ് നേടിയ ഷാക്കിബിന് നാല് ഇന്നിങ്സിൽ നിന്നും 56 റൺസ് നേടാൻ മാത്രമെ സാധിച്ചിട്ടുള്ളൂ. ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് പോയിൻ്റ് മാത്രം നേടി ഒമ്പതാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാനുള്ളത്.