Skip to content

ഇന്ത്യൻ മണ്ണിൽ ഒന്നാമൻ ! ഷാഹിദ് അഫ്രീദിയുടെ വർഷങ്ങൾ നീണ്ട റെക്കോർഡ് തകർത്ത് മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അതിഗംഭീര പ്രകടനമാണ് ഗ്ലെൻ മാക്സ്വെൽ കാഴ്ച്ചവെച്ചത്. ഡൽഹിയിൽ നടന്ന മത്സരത്തിൽ തകർത്താടിയ താരം നിമിഷ നേരം കൊണ്ടാണ് സെഞ്ചുറിയും പൂർത്തിയാക്കിയത്. ഈ ഗംഭീര പ്രകടനത്തോടെ ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡും താരം കുറിച്ചു.

ഓസ്ട്രേലിയ കൂറ്റൻ വിജയം കുറിച്ച മത്സരത്തിൽ 40 പന്തിൽ നിന്നുമാണ് മാക്സ്വെൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. ഇതിനൊപ്പം തന്നെ മറ്റൊരു തകർപ്പൻ റെക്കോർഡും ഗ്ലെൻ മാക്സ്വെൽ സ്വന്തമാക്കി.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി കൂടിയാണിത്. മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ 18 വർഷം നീണ്ട റെക്കോർഡാണ് ഗ്ലെൻ മാക്സ്വെൽ തകർത്തത്. 2005 ൽ കാൺപൂരിൽ ഇന്ത്യയ്ക്കെതിരെ 45 പന്തിൽ അഫ്രീദി സെഞ്ചുറി കുറിച്ചിരുന്നു. പിന്നീട് മറ്റാർക്കും തന്നെ ഇന്ത്യൻ മണ്ണിലെ വേഗതയേറിയ സെഞ്ചുറിയെന്ന ഈ റെക്കോർഡ് തകർക്കാൻ സാധിച്ചിരുന്നില്ല.

അവസാന പത്തോവറിൽ ക്രീസിലെത്തിയാണ് മാക്സ്വെൽ സെഞ്ചുറി പൂർത്തിയാക്കിയത്. 27 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ താരം പിന്നീട് 13 പന്തുകൾക്കുള്ളിൽ തന്നെ സെഞ്ചുറിയിലേക്ക് കുതിച്ചു. 44 പന്തിൽ 9 ഫോറും 8 സിക്സും ഉൾപ്പടെ 106 റൺസ് നേടിയാണ് മാക്സ്വെൽ പുറത്തായത്.

ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ചുറിയാണിത്. 37 പന്തിൽ സെഞ്ചുറി നേടിയ ഷാഹിദ് അഫ്രീദി, 36 പന്തിൽ സെഞ്ചുറി നേടിയ കോറി ആൻഡേഴ്സൺ, 31 പന്തിൽ സെഞ്ചുറി നേടിയ എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് മുൻപിലുള്ളത്.