Skip to content

കോഹ്ലി അത് പലപ്പോഴായി ചെയ്യുന്നു ! അതാണ് ഞാനും ഓസ്ട്രേലിയക്കായി ചെയ്യുന്നത് : ഡേവിഡ് വാർണർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഈ ലോകകപ്പിലെ റൺവേട്ടയിൽ വാർണർ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ഓസ്ട്രേലിയ 309 റൺസിൻ്റെ വമ്പൻ വിജയം കുറിച്ച മത്സരത്തിൽ 93 പന്തിൽ 104 റൺസ് നേടിയാണ് വാർണർ പുറത്തായത്. ഏകദിന ലോകകപ്പിലെ വാർണറിൻ്റെ ആറാം സെഞ്ചുറിയാണിത്.

ബാറ്റിങിൽ പുലർത്തുന്ന ഫിറ്റ്നസിനെ കുറിച്ച് മത്സരശേഷം വാർണർ തുറന്നുപറഞ്ഞു. തൻ്റെ ഫിറ്റ്നസിൽ തനിയ്ക്ക് അഭിമാനമുണ്ടെന്നും വിരാട് കോഹ്ലിയെ പോലെ റണ്ണിനായി അതിവേഗം വിക്കറ്റിനിടയിൽ ഓടി ബൗളർമാരെയും ഫീൽഡർമാരെയും സമ്മർദ്ദത്തിലാക്കുന്നത് താനേറെ ആസ്വദിക്കുന്നുണ്ടെന്നും വിരാട് കോഹ്ലി അത് പലപ്പോഴായി ചെയ്യുന്ന കാര്യമാണെന്നും വാർണർ മത്സരശേഷം പറഞ്ഞു.

മത്സരത്തിൽ വാർണർക്കൊപ്പം മാക്സ്വെല്ലും സെഞ്ചുറി നേടിയിരുന്നു. വെറും 40 പന്തുകളിൽ നിന്നുമാണ് മാക്സ്വെൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. പ്ലേയർ ഓഫ് ദി മാച്ച് അവാർഡും കരസ്ഥമാക്കിയത് മാക്സ്വെല്ലായിരുന്നു. ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ വേഗതയേറിയ സെഞ്ചുറിയായിരുന്നു താരം നേടിയത്. മത്സരത്തിലേക്ക് വരുമ്പോൾ 400 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 90 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ശേഷമുള്ള ഓസ്ട്രേലിയയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.