Skip to content

ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം !! വമ്പൻ റെക്കോർഡുമായി ഓസ്ട്രേലിയ

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ശേഷം തുടർച്ചയായ മൂന്ന് വിജയം നേടി ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ശ്രീലങ്കയെയും പാകിസ്ഥാനെയും പരാജയപെടുത്തിയ ഓസീസ് നെതർലൻഡ്സിനെതിരെ പടുകൂറ്റൻ വിജയം നേടി നെറ്റ് റൺ റേറ്റും സുരക്ഷിതമാക്കി.

മത്സരത്തിൽ 309 റൺസിൻ്റെ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 400 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 21 ഓവറിൽ 90 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

48 വർഷം നീണ്ട ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീം 300+ റൺസിന് വിജയിക്കുന്നത്. തങ്ങളുടെ തന്നെ റെക്കോർഡാണ് ഓസ്ട്രേലിയ തിരുത്തികുറിച്ചിരിക്കുന്നത്. 2015 ലോകകപ്പിൽ അഫ്ഗാനെതിരെ ഓസീസ് നേടിയ 275 റൺസിൻ്റെ വിജയമായിരുന്നു ഇതിന് മുൻപ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു ടീം 300+ റൺസിൻ്റെ വിജയം നേടുന്നത്. ഈ വർഷം തിരുവനന്തപുരത്ത് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയ 317 റൺസിൻ്റെ വിജയമാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. അതിന് ശേഷം ഈ വർഷം തന്നെ ഹരാറെയിൽ സിംബാബ്വെ യു എ ഇയ്ക്കെതിരെ 304 റൺസിന് വിജയിച്ചിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 93 പന്തിൽ 104 റൺസ് നേടിയ ഡേവിഡ് വാർണർ, 44 പന്തിൽ 104 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ, 71 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 62 റൺസ് നേടിയ ലാബുഷെയ്ൻ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് നേടിയത്. മറുപടി ബാറ്റിങിൽ 4 വിക്കറ്റ് വീഴ്ത്തിയ ആഡം സാംപയാണ് നെതർലൻഡ്സിനെ തകർത്തത്.