Skip to content

ചാരമായി നെതർലൻഡ്സ് ! ഓസ്ട്രേലിയക്ക് പടുകൂറ്റൻ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിൻ്റെ പടുകൂറ്റൻ വിജയവുമായി ഓസ്ട്രേലിയ. ഡൽഹിയിൽ നടന്ന മത്സരത്തിൽ 309 റൺസിനായിരുന്നു ഓസീസിൻ്റെ വിജയം. ഓസ്ട്രേലിയയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 400 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിന് 21 ഓവറിൽ 90 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 3 ഓവറിൽ 8 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് നെതർലൻഡ്സിനെ തകർത്തത്.

മിച്ചൽ മാർഷ് രണ്ട് വിക്കറ്റും സ്റ്റാർക്ക്, ഹേസൽവുഡ്, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സെഞ്ചുറി നേടിയ ഡേവിഡ് വാർണറിൻ്റെയും ഗ്ലെൻ മാക്സ്വെല്ലിൻ്റെയും മികവിലാണ് പടുകൂറ്റൻ സ്കോർ നേടിയത്. ഡേവിഡ് വാർണർ 93 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പടെ 104 റൺസ് നേടിയപ്പോൾ 40 പന്തിൽ ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറി നേടിയ മാക്സ്വെൽ 44 പന്തിൽ 9 ഫോറും 8 സിക്സും ഉൾപ്പടെ 106 റൺസ് നേടി. സ്റ്റീവ് സ്മിത്ത് 68 പന്തിൽ 71 റൺസും മാർനസ് ലാബുഷെയ്ൻ 47 പന്തിൽ 62 റൺസും നേടി.

ഒക്ടോബർ 28 ന് ന്യൂസിലൻഡിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. അതേ ദിവസം ബംഗ്ളാദേശിനെതിരെയാണ് നെതർലൻഡ്സിൻ്റെ അടുത്ത മത്സരം.