Skip to content

അത് ക്യാപ്റ്റൻ്റെ ജോലിയാണ് ! ബാബർ അസമിനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ഐസിസി ഏകദിന ലോകകപ്പില് അഫ്ഗാനിസ്ഥാനെതിരായ തോൽവിയ്ക്ക് പുറകെ പാക് ക്യാപ്റ്റൻ ബാബർ അസമിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഈ ലോകകപ്പിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ ഏറ്റുവാങ്ങിയത്.

ഏകദിനത്തിൽ അഫ്ഗാനിസ്ഥാനെതിരായ പാകിസ്താൻ്റെ ആദ്യ തോൽവി കൂടിയാണിത്. പൊരുതാൻ പോലും കഴിയാതെയാണ് അഫ്ഗാനിസ്ഥാന് മുൻപിൽ പാകിസ്ഥാൻ വീണത്. തോൽവിയ്ക്കൊപ്പം ടീമിൻ്റെ സമീപനത്തെയും അഫ്രീദി അതിരൂക്ഷമായി വിമർശിച്ചു.

കളിക്കാർക്ക് ഊർജവും പ്രചോദനവും നൽകേണ്ടത് ക്യാപ്റ്റനാണെന്നും ക്യാപ്റ്റനതിൽ പരാജയപെട്ടാൽ കളിക്കാരെ കുറ്റം പറയുന്നതിൽ അർത്ഥമില്ലയെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.

” നിങ്ങളുടെ ശ്രദ്ധ മത്സരത്തിൽ അല്ലെങ്കിൽ ഇത് സംഭവിക്കും. അവർ ഒന്നും ചെയ്യാതെ അത്ഭുതങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ചെയ്തത്. പോരാടുന്നവർക്ക് മാത്രമാണ് അത്ഭുതങ്ങൾ സംഭവിക്കുക. അല്ലാതെ ഒളിച്ചിരിക്കുന്നവർക്കല്ല. ”

” ക്യാപ്റ്റനാണ് എല്ലാം. ക്യാപ്റ്റൻ ഫീൽഡിംഗ് സമയത്ത് ഡൈവ് ചെയ്യുകയും മറ്റുള്ളവരെ പിൻതുണയ്ക്കുകയും ചെയ്താൽ കളിക്കാരും സജീവമാകും. മത്സരത്തിൽ സമ്മർദ്ദം ചെലുത്തുകയെന്നത് ക്യാപ്റ്റൻ്റെ ജോലിയാണ്. ഒരു പേസർ ബൗൾ ചെയ്യുമ്പോൾ എന്തുകൊണ്ട് സ്ലിപ്പിനെ നിർത്തുന്നില്ല. 12 പന്തിൽ 4 റൺസ് വേണ്ടപ്പോൾ എന്താണ് ചെയ്തത് ? “

” സമ്മർദ്ദം നൽകേണ്ടത് നിർണായകമാണ്. ഓസ്ട്രേലിയയെ നോക്കൂ. ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയാൽ പിന്നീട് നമുക്കെതിരെ ചെയ്തതുപോലെ ഫീൽഡർമാരെ സർക്കിളിന് ഉള്ളിൽ നിർത്തി സമ്മർദ്ദം ചെലുത്തുകയാണ് അവർ ചെയ്യുന്നത്. ” ഷാഹിദ് അഫ്രീദി പറഞ്ഞു.