Skip to content

തകർപ്പൻ റെക്കോർഡിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം തുടരുകയാണ് ഓസ്ട്രേലിയൻ സീനിയർ താരം ഡേവിഡ് വാർണർ. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിൽ പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയ വാർണർ ഇക്കുറി നെതർലൻഡ്സിനെതിരെയും സെഞ്ചുറി നേടി. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തിയിരിക്കുകയാണ് വാർണർ.

ഓസ്ട്രേലിയ 399 റൺസ് അടിച്ചുകൂട്ടിയ മത്സരത്തിൽ 91 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 93 പന്തിൽ 11 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 104 റൺസ് വാർണർ അടിച്ചുകൂട്ടി. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെതിരെ 124 പന്തിൽ 14 ഫോറും 9 സിക്സും ഉൾപ്പടെ 163 റൺസ് വാർണർ നേടിയിരുന്നു.

ഏകദിന ക്രിക്കറ്റിലെ വാർണറിൻ്റെ 22 ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിൻ്റെ 48 ആം സെഞ്ചുറിയും ആണിത്. അന്താരാഷ്ട്ര ടി20 യിൽ ഒരു സെഞ്ചുറി നേടിയിട്ടുള്ള വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ 25 സെഞ്ചുറി നേടിയിട്ടുണ്ട്.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിനൊപ്പം ഒമ്പതാം സ്ഥാനത്ത് വാർണറെത്തി. 605 ഇന്നിങ്സിൽ നിന്നുമാണ് 48 സെഞ്ചുറി ദ്രാവിഡ് നേടിയിട്ടുള്ളത്. 451 ഇന്നിങ്സിൽ നിന്നുമാണ് വാർണർ ദ്രാവിഡിന് ഒപ്പമെത്തിയത്. 484 ഇന്നിങ്സിൽ നിന്നും 47 സെഞ്ചുറി നേടിയിട്ടുള്ള മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിനെ വാർണർ പിന്നിലാക്കുകയും ചെയ്തു.