Skip to content

വീണ്ടും സെഞ്ചുറി ! ചരിത്രറെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരെ ഡൽഹിയിൽ നടന്ന മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറി വാർണർ കുറിച്ചത്. ഇതോടെ ചരിത്ര നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വാർണറെത്തി.

91 പന്തിൽ നിന്നുമാണ് വാർണർ സെഞ്ചുറി കുറിച്ചത്. 93 പന്തിൽ 11 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 104 റൺസ് നേടിയാണ് വാർണർ പുറത്തായത്.

ഈ ലോകകപ്പിലെ വാർണറിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയും ലോകകപ്പിൽ താരം നേടുന്ന ആറാം സെഞ്ചുറിയും കൂടിയാണിത്. ഇതോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വാർണറെത്തി. 5 സെഞ്ചുറി നേടിയിട്ടുള്ള മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര എന്നിവരെയാണ് വാർണർ പിന്നിലാക്കിയത്.

വെറും 23 ഇന്നിങ്സിൽ നിന്നുമാണ് വാർണർ 6 സെഞ്ചുറി നേടിയിരിക്കുന്നത്. മറുഭാഗത്ത് 44 ഇന്നിങ്സിൽ നിന്നുമാണ് സച്ചിൻ ആറ് സെഞ്ചുറി നേടിയിരുന്നത്. 22 ഇന്നിങ്സിൽ നിന്നും 7 സെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് ഇരുവർക്കും മുൻപിൽ ഒന്നാം സ്ഥാനത്തുള്ളത്.