Skip to content

എന്താണിത്ര സന്തോഷം !! റാഷിദ് ഖാനൊപ്പം ഡാൻസ് കളിച്ച ഇർഫാൻ പത്താനെ വിമർശിച്ച് മുൻ പാക് താരം

ഈ ലോകകപ്പിലെ മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നായിരുന്നു പാകിസ്ഥാനെതിരെ ചെന്നൈയിൽ അഫ്ഗാനിസ്ഥാൻ കുറിച്ചത്. ഈ ചരിത്രവിജയത്തിന് ശേഷം കാണികൾക്ക് നന്ദി പറഞ്ഞുക്കൊണ്ട് ലാപ് ഓഫ് ഓണർ നടത്തവെ മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ ഇർഫാൻ പത്താൻ റാഷിദ് ഖാനൊപ്പം ഡാൻസ് ചെയ്തുകൊണ്ട് അഫ്ഗാൻ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഇർഫാൻ പത്താനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം.

മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ ഗംഭീര വിജയം കുറിച്ചുകൊണ്ടാണ് അഫ്ഗാൻ ടീം ലാപ് ഓഫ് ഓണർ നടത്തിയത്. ഇതിനിടെ സ്റ്റാർ സ്പോർട്ട്സിനായി സംസാരിക്കുകയായിരുന്നു ഇർഫാൻ പത്താന് അരികിലേക്ക് അഫ്ഗാൻ ടീം എത്തുകയും മുൻപിൽ ഉണ്ടായിരുന്ന റാഷിദ് ഖാനൊപ്പം ഇർഫാൻ പത്താൻ ഡാൻസ് ചെയ്യുകയും പിന്നീട് കെട്ടിപിടിച്ചുകൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു.

ഇർഫാൻ പത്താൻ ഡാൻസ് ചെയ്തതിൽ തനിയ്ക്ക് അത്ഭുതം തോന്നിയെന്നും ഓസ്ട്രേലിയയിൽ പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ പോലും ഈ സന്തോഷം കണ്ടിട്ടില്ലയെന്നും പക്ഷേ പാകിസ്ഥാനെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചപ്പോൾ ഇത്ര സന്തോഷപെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലയെന്നും കമ്രാൻ അക്മൽ പറഞ്ഞു.

ഇക്കാര്യം തനിയ്ക്ക് മാത്രമല്ല പാകിസ്താനിലെ ജനങ്ങളെയും വേദനിപ്പിച്ചുവെന്നും ഒരു ന്യൂട്രൽ കമൻ്റേറ്റർ ഇത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും കമ്രാൻ അക്മൽ പറഞ്ഞു.

റാഷിദ് ഖാനൊപ്പം ഡാൻസ് ചെയ്തതിൻ്റെ കാരണം ഇർഫാൻ പത്താൻ തുറന്നുപറഞ്ഞിരുന്നു. മത്സരത്തിന് മുൻപേ പാകിസ്ഥാനെ തോൽപ്പിക്കുമെന്ന് റാഷിദ് ഖാൻ പറഞ്ഞിരുന്നുവെന്നും അങ്ങനെയെങ്കിൽ താൻ റാഷിദിനൊപ്പം ഡാൻസ് കളിക്കാമെന്ന് താനും പറഞ്ഞുവെന്നും മത്സരശേഷം ഇർഫാൻ പത്താൻ വെളിപ്പെടുത്തിയിരുന്നു.