Skip to content

ഇനി അവനെ ഒഴിവാക്കുകയെന്നത് എളുപ്പമല്ല ! പാണ്ഡ്യ ഇല്ലെങ്കിലും ഇന്ത്യ അതിശക്തം : വസീം അക്രം

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ അഞ്ച് മത്സരങ്ങളിലും അഞ്ചിലും വിജയിച്ചുകൊണ്ട് വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. അതിനിടെ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിൽ കൂടിയും പകരം എത്തിയ മൊഹമ്മദ് ഷാമി തകർപ്പൻ പ്രകടനത്തിലൂടെ ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നു. എന്നാൽ ഇനി പാണ്ഡ്യ തിരിച്ചെത്തിയാൽ കൂടി മൊഹമ്മദ് ഷാമിയെ ഒഴിവാക്കുകയെന്നത് എളുപ്പമാവില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ പാക് താരം വസീം അക്രം.

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടികൊണ്ട് മൊഹമ്മദ് ഷാമിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

ന്യൂസിലൻഡിനെതിരെ ഹാർദിക്ക് പാണ്ഡ്യ ഇല്ലാഞ്ഞിട്ടും ഇന്ത്യ ശക്തമായ ടീമായാണ് തോന്നിയതെന്നും ഹാർദിക്ക് പാണ്ഡ്യ തിരിച്ചെത്തുന്നത് ടീമിന് ഗുണം ചെയ്യുമെങ്കിലും മൊഹമ്മദ് ഷാമിയെ ഒഴിവാക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കുമെന്നും വസീം അക്രം പറഞ്ഞു.

എന്നാൽ ഹാർദിക്ക് പാണ്ഡ്യ പരിക്കിൽ നിന്നും മുക്തനായെങ്കിലും ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഹാംസ്ട്രിങിന് പറ്റിയ പരിക്കാണെങ്കിൽ തുടക്കത്തിൽ ഭേദമായെന്ന് തോന്നുമെങ്കിലും മത്സരത്തിനിടയിൽ പേശിവലിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ റിസ്ക് എടുക്കാതെ നൂറ് ശതമാനം ഫിറ്റായ ശേഷം പാണ്ഡ്യയെ തിരിച്ചെത്തിക്കുന്നതാണ് ഉചിതമെന്നും വസീം അക്രം പറഞ്ഞു.

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 10 ഓവറിൽ 54 റൺസ് വഴങ്ങിയാണ് ഷാമി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഷാമി ഇലവനിൽ എത്തിയതോടെ ഷാർദുൽ താക്കൂറിനെ ഇന്ത്യ ഒഴിവാക്കുകയും സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരെയും ഇതെ ടീമുമായി ആകും ഇന്ത്യ കളിക്കാൻ ഇറങ്ങുക.