Skip to content

വീണ്ടും വമ്പൻ വിജയം ! ബംഗ്ലാദേശിനെയും തകർത്ത് സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ വമ്പൻ വിജയവുമായി സൗത്താഫ്രിക്ക. മുംബൈയിൽ നടന്ന മത്സരത്തിൽ 149 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 383 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 46.4 ഓവറിൽ 233 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഒറ്റയാൾ പോരാട്ടത്തിലൂടെ സെഞ്ചുറി നേടിയ മഹ്മദുള്ളയാണ് വൻ തകർച്ചയിൽ നിന്നും ബംഗ്ലാദേശിനെ കരകയറ്റിയത്. 111 പന്തിൽ 111 റൺസ് നേടിയാണ് സീനിയർ താരം പുറത്തായത്.

ഈ ലോകകപ്പിലെ സൗത്താഫ്രിക്കയുടെ നാലാം വിജയമാണിത്. മറുഭാഗത്ത് ആദ്യ മത്സരത്തിൽ അഫ്ഗാനെ പരാജയപെടുത്തിയ ശേഷമുള്ള ബംഗ്ളാദേശിൻ്റെ തുടർച്ചയായ നാലാം തോൽവിയാണിത്..

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 140 പന്തിൽ 15 ഫോറും 7 സിക്സും ഉൾപ്പടെ 174 റൺസ് നേടിയ ക്വിൻ്റൻ ഡീകോക്ക്, 49 പന്തിൽ 2 ഫോറും 8 സിക്സും ഉൾപ്പടെ 90 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 15 പന്തിൽ ഒരു ഫോറും 4 സിക്സും ഉൾപ്പടെ 34 റൺസ് നേടിയ ഡേവിഡ് മില്ലർ, 69 പന്തിൽ 60 റൺസ് നേടിയ ഐയ്ഡൻ മാർക്രം എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 382 എന്ന കൂറ്റൻ സ്കോർ സമ്മാനിച്ചത്.

നാളത്തെ മത്സരത്തിൽ ഓസ്ട്രേലിയ നെതർലൻഡ്സിനെ നേരിടും. ഇനി ഒക്ടോബർ ഏഴിന് പാകിസ്ഥാനെതിരെയാണ് സൗത്താഫ്രിക്കയുടെ അടുത്ത മത്സരം. നെതർലൻഡ്സാണ് ബംഗ്ളാദേശിൻ്റെ അടുത്ത എതിരാളികൾ.