Skip to content

തകർപ്പൻ സെഞ്ചുറി ! ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡ് തകർത്ത് ഡീകോക്ക്

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്ക്. ബംഗ്ളാദേശിനെതിരായ മത്സരത്തിലും തകർപ്പൻ സെഞ്ചുറി താരം നേടി. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഡീകോക്ക്.

മത്സരത്തിൽ 101 പന്തിൽ നിന്നും തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയ ഡീകോക്ക് 140 പന്തിൽ 15 ഫോറും 7 സിക്സും ഉൾപ്പടെ 174 റൺസ് നേടിയിരുന്നു. താരത്തിനൊപ്പം 49 പന്തിൽ 2 ഫോറും 8 സിക്സും ഉൾപ്പടെ 90 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും 60 റൺസ് നേടിയ ഐയ്ഡൻ മാർക്രവും 15 പന്തിൽ 34 റൺസ് നേടിയ ഡേവിഡ് മില്ലറും മികവ് പുലർത്തി. ഇവരുടെ മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് സൗത്താഫ്രിക്ക അടിച്ചുകൂട്ടി.

ഈ ലോകകപ്പിലെ ഡീകോക്കിൻ്റെ മൂന്നാം സെഞ്ചുറിയാണിത്. ഇതിന് മുൻപ് ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെയും പിന്നീട് ഓസ്ട്രേലിയക്കെതിരെയും ഡീകോക്ക് സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഒരു ഏകദിന ലോകകപ്പിൽ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനായി ഡീകോക്ക് മാറി.

2011 ലോകകപ്പിൽ രണ്ട് സെഞ്ചുറി നേടിയ എ ബി ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡാണ് ഡീകോക്ക് തകർത്തത്.

മത്സരത്തിലെ പ്രകടനത്തോടെ ഈ ലോകകപ്പിലെ ടോപ് റൺസ്കോററായും ഡീകോക്ക് മാറി. 5 മത്സരങ്ങളിൽ നിന്നും 407 റൺസ് ഡീകോക്ക് നേടിയിട്ടുണ്ട്. 5 മത്സരങ്ങളിൽ നിന്നും 354 റൺസ് നേടിയ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 311 റൺസ് നേടിയ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്.