Skip to content

എന്തിനും അവരോട് അനുവാദം ചോദിക്കണം !! സുരക്ഷയിൽ വിമർശനവുമായി ഹസൻ അലി

ഐസിസി ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ചില വിവാദങ്ങൾക്കും ലോകകപ്പ് വഴിവെചചിരുന്നു. ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ശേഷമാണ് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്. ഇതിനിടെ മറ്റൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് പേസർ ഹസൻ അലി.

ഇന്ത്യയ്ക്കെതിരായ മത്സരശേഷം ബാംഗ്ലൂരിൽ എത്തിയ പാകിസ്ഥാൻ ടീമിലെ ചില താരങ്ങൾക്ക് അസുഖം ബാധിച്ചിരുന്നു. ബാംഗ്ലൂരിൽ ഹോട്ടലിൽ മാത്രം തങ്ങേണ്ടിവന്നത് ഇതിന് കാരണമായെന്ന് തുറന്നുപറഞ്ഞ ഹസൻ അലി കടുത്ത സുരക്ഷയിലും പരാതി ഉന്നയിച്ചു.

തങ്ങൾക്ക് അധികം പുറത്തുപോകാൻ സാധിക്കുന്നില്ലെന്നും മുഴുവൻ സെക്യൂരിറ്റി ടീമിനൊപ്പം മാത്രമെ പാകിസ്ഥാൻ താരങ്ങൾക്ക് പുറത്തുപോകുവാൻ സാധിക്കൂവെന്നും ഇന്ത്യ നല്കുന്ന ആതിഥേയത്വം നല്ലതാണെന്നും പക്ഷേ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കാതെ പുറത്തിറങ്ങാൻ തങ്ങൾക്ക് സാധിക്കുന്നില്ലയെന്നും ഹസൻ അലി പറഞ്ഞു.

നേരത്തെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികളിൽ ചിലർ മൊഹമ്മദ് റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ചതിൽ പാകിസ്ഥാൻ ഐസിസിയ്ക്ക് പരാതി നൽകിയിരുന്നു. കൂടാതെ പാകിസ്ഥാൻ കാണികൾക്ക് വിസ അനുവദിക്കാത്തതും ഐസിസിയ്ക്ക് മുൻപിൽ പാകിസ്ഥാൻ ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ ആരാധകരെ തങ്ങൾ തീർച്ചയായും മിസ്സ് ചെയ്യുന്നുവെന്നും എന്നാൽ ഇതൊന്നും കളിക്കാരുടെ കൈകളിൽ അല്ലാത്തതിനാൽ കളിക്കളത്തിൽ ശ്രദ്ധ ചെലുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഹസൻ അലി പറഞ്ഞു.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ബാംഗ്ലൂരിൽ ഓസ്ട്രേലിയയെയാണ് പാകിസ്ഥാൻ നേരിടുന്നത്.