Skip to content

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! നിർണായക മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത് !!

ഐസിസി ഏകദിന തുടർച്ചയായ നാലാം വിജയം നേടി വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. എന്നാൽ കൂടുതൽ നിർണായക മത്സരത്തിലേക്ക് കടക്കവേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റനും ടീമിലെ സ്റ്റാർ ഓൾ റൗണ്ടറും കൂടിയായ ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയിരുന്നു. മത്സരത്തിലെ തൻ്റെ ആദ്യ ഓവറിലെ മൂന്ന് പന്തുകൾ എറിഞ്ഞ ശേഷമാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയത്. കളിക്കളത്തിൽ നിന്നും താരം മടങ്ങുകയും വിരാട് കോഹ്ലി ഓവർ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ന്യൂസിലൻഡിനെതിരെ നടക്കുന്ന മത്സരം നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പേസർമാർക്ക് അനുകൂലമായ ധർമ്മശാലയിലാണ് മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിൻ്റെ അഭാവം മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഹാർദിക്ക് പാണ്ഡ്യ പുറത്തായതോടെ ഇന്ത്യ സൂര്യകുമാർ യാദവിന് അവസരം നൽകിയേക്കും. ഒപ്പം ഷാർദുൽ താക്കൂറിന് പകരം മൊഹമ്മദ് ഷാമിയും മത്സരത്തിൽ കളിച്ചേക്കും.

ബാറ്റിങിൽ തൻ്റെ സേവനം ഇതുവരെ ആവശ്യം വന്നില്ലെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിർണായക വിക്കറ്റുകൾ ഹാർദിക്ക് പാണ്ഡ്യ വീഴ്ത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ മത്സരശേഷം ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. ആ മത്സരത്തിൽ വൈസ് ക്യാപ്റ്റൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീമുള്ളത്.

ആദ്യ നാല് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ന്യൂസിലൻഡും ഇന്ത്യയെ നേരിടാൻ എത്തുന്നത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇല്ലാഞ്ഞിട്ടുകൂടിയാണ് മൂന്ന് മത്സരങ്ങളും ന്യൂസിലൻഡ് വിജയിച്ചത്. ബംഗ്ളാദേശിനെതിരായ മത്സരത്തിൽ മാത്രമാണ് വില്യംസൺ കളിച്ചത്. പരിക്ക് മൂലം വീണ്ടും പുറത്തായ താരം ഇനി അവസാന ഘട്ടത്തിൽ മാത്രമെ തിരിച്ചെത്തൂ.