Skip to content

വൈഡ് മനപൂർവ്വം എറിഞ്ഞതോ മറുപടിയുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ

ഏകദിന ലോകകപ്പിലെ ബംഗ്ളാദേശിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഇന്ത്യയ്ക്ക് വിജയം നേടികൊടുത്തിരിക്കുകയാണ് വിരാട് കോഹ്ലി. അതിനിടെ മത്സരത്തിന് ശേഷം ആരാധകരിൽ വലിയ വിമർശനം ഇന്ത്യൻ ഇന്നിങ്സിൽ അവസാന ഓവർ എറിഞ്ഞ നാസും അഹമ്മദ് ഏറ്റുവാങ്ങിയിരുന്നു.

നാസും അഹമ്മദ് ആ ഓവർ എറിയാൻ എത്തിയപ്പോൾ രണ്ട് റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. കോഹ്ലിയാകട്ടെ സെഞ്ചുറിയ്ക്ക് മൂന്ന് റൺസ് അകലെ 97 റൺസ് നേടി നിൽക്കുകയായിരുന്നു. എന്നാൽ താരം എറിഞ്ഞ ആദ്യ പന്ത് ലെഗ് സൈഡിലേക്ക് പോവുകയായിരുന്നു. അമ്പയർ വൈഡ് വിളിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അമ്പയർ അതിന് തയ്യാറായില്ല. ഓവറിലെ മൂന്നാം പന്തിൽ സിക്സ് പറത്തികൊണ്ട് ഇന്ത്യയെ വിജയത്തിൽ എത്തിച്ച കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു.

നാസും അഹമ്മദ് മനപൂർവ്വം വൈഡ് എറിയാൻ ശ്രമിച്ചുവെന്ന ആരോപണമാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ വൈഡ് എറിയാൻ യാതൊരു പ്ലാനും തങ്ങൾക്ക് ഉണ്ടായിരുന്നില്ലെന്നും ഒരു ബൗളറും മനപൂർവ്വം വൈഡ് എറിയാൻ ശ്രമിച്ചില്ലയെന്നും സത്യസന്ധതയോടെയാണ് തങ്ങൾ കളിച്ചതെന്നും നാസും അഹമ്മദ് ചെയ്തത് മനപൂർവ്വം അല്ലെന്നും മത്സരത്തിൽ ക്യാപ്റ്റനായിരുന്ന ഹോസൈൻ ഷാൻ്റോ പറഞ്ഞു.

മത്സരത്തിൽ 7 വിക്കറ്റിൻ്റെ തോൽവിയാണ് ബംഗ്ളാദേശ് ഏറ്റുവാങ്ങിയത്. ഈ ലോകകപ്പിലെ ബംഗ്ളാദേശിൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച ബംഗ്ലാദേശ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും തോറ്റിരുന്നു.