Skip to content

ഇനി കോഹ്ലിയ്ക്ക് മുൻപിൽ മൂന്ന് പേർ മാത്രം ! വമ്പൻ റെക്കോർഡ് സ്വന്തമാക്കി കിങ് കോഹ്ലി

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ സെഞ്ചുറിയാണ് ബംഗ്ളാദേശിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. മത്സരത്തിലെ ഗംഭീര പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ശ്രീലങ്കൻ ഇതിഹാസ താരത്തെ പിന്നിലാക്കിയാണ് വമ്പൻ റെക്കോർഡ് കോഹ്ലി കുറിച്ചത്.

ഇന്ത്യ 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 97 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ 103 റൺസ് വിരാട് കോഹ്ലി നേടിയിരുന്നു. ഏകദിന ക്രിക്കറ്റിലെ 48 ആം സെഞ്ചുറിയാണ് കോഹ്ലി ബംഗ്ളാദേശിനെതിരെ കുറിച്ചത്.

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 26000 റൺസ് വിരാട് കോഹ്ലി പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. ഇതിനൊപ്പം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 25957 റൺസ് നേടിയ മഹേള ജയവർധനെയെ കോഹ്ലി പിന്നിലാക്കുകയും ചെയ്തു.

34357 റൺസ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ, 28016 റൺസ് നേടിയിട്ടുള്ള കുമാർ സംഗക്കാര, 27483 റൺസ് നേടിയിട്ടുള്ള റിക്കി പോണ്ടിംഗ് എന്നിവർ മാത്രമാണ് കോഹ്ലിക്ക് മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 26000+ റൺസ് നേടിയിട്ടുള്ളത്. ഇവരിൽ ഏറ്റവും വേഗത്തിൽ 26000 റൺസ് നേടിയിട്ടുള്ളതും കോഹ്ലി തന്നെയാണ്. വെറും 567 ഇന്നിംഗ്സിൽ നിന്നുമാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. 600 ഇന്നിങ്സിൽ നിന്നും 26000 റൺസ് നേടിയ സച്ചിൻ്റെ റെക്കോർഡാണ് കോഹ്ലി തകർത്തത്.