Skip to content

അവർ എനിക്കെതിരെ ആണികൾ വലിച്ചെറിഞ്ഞു ! വിവാദങ്ങൾക്കിടെ വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കാണികൾ ചിലർ മൊഹമ്മദ് റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഇതിന് പുറകെ ഐസിസിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പാകിസ്ഥാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇർഫാൻ പത്താൻ.

കഴിഞ്ഞ ദിവസമാണ് ഐസിസിയിൽ ഔദ്യോഗികമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരാതി നൽകിയത്. ഇതിനൊപ്പം പാക് മാധ്യമപ്രവർത്തകരുടെ വിസ വൈകിപ്പിച്ചതിനും പാക് ആരാധകർക്കും വിസ അനുവദിക്കാത്തതിനും പി സി ബി പരാതി നൽകിയിട്ടുണ്ട്.

കാണികൾക്കെതിരായ പാകിസ്ഥാൻ്റെ പരാതിയെ തള്ളിയ ഇർഫാൻ പത്താൻ പാകിസ്ഥാൻ പര്യടനത്തിൽ തനിക്കുണ്ടായ മോശം അനുഭവവും വെളിപ്പെടുത്തി.

പാകിസ്ഥാൻ പര്യടനത്തിൽ പെഷവാറിൽ നടന്ന മൽസരത്തിനിടെ ഒരു ആരാധകൻ തനിക്ക് നേരെ ഇരുംബാണി വലിച്ചെറിഞ്ഞുവെന്നും അതെൻ്റെ കണ്ണിൻ്റെ അടിയിലാണ് കൊണ്ടതെന്നും തനിയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയേനെയെന്നും പക്ഷേ അതിൽ തങ്ങൾ പ്രശ്നമുണ്ടാക്കുകയോ പരാതിപെടുകയോ ചെയ്തില്ലയെന്നും അവരുടെ ആതിഥേയത്വത്തെ പ്രശംസിക്കുകയാണ് ചെയ്തതെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ കാണികൾക്കെതിരെ പരാതി ഉന്നയിക്കുന്നത് ശരിയല്ലയെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

ഒരു മത്സരത്തിൻ്റെ പ്രധാന ഘടകം ആരാധകർ ആണെന്നും ചില മോശം കാര്യങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അതിൻ്റെ പേരിൽ അനാവശ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലയെന്നും ഇർഫാൻ പത്താൻ പറഞ്ഞു.