Skip to content

പാകിസ്ഥാൻ്റെ പരാതി ! ഐസിസി നടപടി എടുക്കുമോ ? സാധ്യതകൾ ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പിൽ വിവാദങ്ങൾ പുകയുകയാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാക് പോരാട്ടമാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. ഒടുവിൽ മത്സരത്തിൽ കാണികളുടെ പെരുമാറ്റത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയ്ക്ക് പരാതി നൽകിയിരുന്നു.

മത്സരത്തിൽ പുറത്തായി മടങ്ങുകയായിരുന്ന മൊഹമ്മദ് റിസ്വാനെതിരെ ഒരു കൂറ്റൻ ആരാധകർ ജയ് ശ്രീറാം വിളിച്ചതാണ് കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പരാതി നൽകിയത്. അതിനൊപ്പം പാകിസ്ഥാൻ മാധ്യമ പ്രവർത്തകരുടെ വിസ വൈകിപ്പിച്ചതിനും പാക് ആരാധകർക്ക് വിസ അനുവദിക്കാതിരുന്നതിനും ഐസിസിയ്ക്ക് പരാതി നല്കിയിട്ടുണ്ട്.

എന്നാൽ ഇതിൽ കാണികളുടെ പെരുമാറ്റത്തിൽ ഉണ്ടായ പരാതിയിൽ ഐസിസി നടപടി എടുക്കാനുള്ള സാദ്ധ്യത കുറവാണ്. ഐസിസി എല്ലാ പരാതികളും ഗൗരവത്തോടെയാണ് പരിഗണിക്കുക. പക്ഷേ ഇത് ഒരു കൂട്ടം ആളുകൾക്കെതിരായ പരാതിയായതിനാൽ തന്നെ ഐസിസിയ്ക്ക് പരമിതികൾ ഉണ്ട്. കാണികളുടെ പെരുമാറ്റത്തിൽ അതാത് ക്രിക്കറ്റ് ബോർഡുകൾ ഉത്തരവാദികൾ ആകുന്ന നയം ഐസിസിയ്ക്കില്ല.

മോശമായി പെരുമാറ്റത്തിൽ വ്യക്തികൾക്കെതിരെ മാത്രമെ ഐസിസി നടപടി സ്വീകരിക്കൂ. കൂടാതെ വംശീയ അധിക്ഷേപം അടക്കമുളള നടന്നാൽ മാത്രമെ കടുത്ത നടപടിയിലേക്ക് ഐസിസി നീങ്ങുകയുള്ളൂ. എന്നാൽ ഇവിടെ മൊഹമ്മദ് റിസ്വാനെതിരെ ഒരു കൂട്ടം പേർ മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ മാത്രമല്ല ഇന്നലെ നടന്ന നെതർലൻഡ്സ് ന്യൂസിലൻഡ് മത്സരത്തിനിടെയും ചിലർ ജയ് ശ്രീറാം വിളിച്ചിരുന്നു. കളിക്കളത്തിൽ മതവും രാഷ്ട്രീയവും കൂട്ടികലർത്തുന്നതിൽ വലിയ നിരാശയാണ് യഥാർത്ഥ ക്രിക്കറ്റ് പ്രേമികൾ പങ്കുവെക്കുന്നത്.