Skip to content

വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. ന്യൂസിലൻഡ് വമ്പൻ വിജയം നേടിയ മത്സരത്തിലെ പ്രകടനത്തോടെയാണ് ഡാനിയൽ വെട്ടോറിയ്ക്ക് ശേഷം ആ നേട്ടം സാൻ്റ്നർ കുറിച്ചത്.

മത്സരത്തിൽ 149 റൺസിൻ്റെ വമ്പൻ വിജയമാണ് ന്യൂസിലൻഡ് കുറിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 289 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് 34.4 ഓവറിൽ 139 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മത്സരത്തിൽ മൊഹമ്മദ് നബിയുടെ ഉൾപ്പടെ മൂന്ന് വിക്കറ്റുകൾ മിച്ചൽ സാൻ്റ്നർ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് താരം പൂർത്തിയാക്കി.

ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ന്യൂസിലൻഡ് സ്പിന്നറാണ് സാൻ്റ്നർ. ഡാനിയേൽ വെട്ടോറി മാത്രമാണ് ഇതിന് മുൻപ്
ഏകദിനക്രിക്കറ്റിൽ 100 വിക്കറ്റ് നേടിയിട്ടുള്ള ന്യൂസിലൻഡ് സ്പിന്നർ. ന്യൂസിലൻഡിനായി 295 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 305 വിക്കറ്റ് ഈ ഫോർമാറ്റിൽ നേടിയിട്ടുണ്ട്.

ഈ ലോകകപ്പിലെ തുടർച്ചയായ നാലാം വിജയമാണ് ന്യൂസിലൻഡ് കുറിച്ചിരിക്കുന്നത്. ഇതോടെ പോയിൻ്റ് ടേബിളിൽ ഇന്ത്യയെ പിന്നിലാക്കികൊണ്ട് ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിൽ നേടിയ മൂന്ന് വിക്കറ്റോടെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായും സാൻ്റ്നർ മാറി. 4 മത്സരങ്ങളിൽ നിന്നും 11 വിക്കറ്റ് താരം നേടിയിട്ടുണ്ട്. 9 വിക്കറ്റ് നേടിയ സഹതാരം കൂടിയായ മാറ്റ് ഹെൻറിയാണ് സാൻ്റ്നർക്ക് പിന്നിലുള്ളത്.