Skip to content

ഇത് ഞാൻ ദിവസവും നേരിട്ടിരുന്നു ! പാക് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കകയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം. മത്സരത്തിനിടെ പാക് താരം മൊഹമ്മദ് റിസ്വാനെതിരെ കാണികളിൽ ഒരു വിഭാഗം ജയ് ശ്രീറാം വിളിച്ചത് ഇന്ത്യയ്ക്ക് അകത്തും പുറത്തും വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നു. ഇതിനിടെ പാകിസ്ഥാൻ ടീമിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഡാനിഷ് കനേരിയ.

പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച രണ്ടാമത്തെ മാത്രം ഹിന്ദുവാണ് ഡാനിഷ് കനേരിയ. റിസ്വാനെതിരായ പ്രതിഷേധത്തിനെതിരെ ഉദയനിധി സ്റ്റാലിൻ അടക്കമുളളവർ രംഗത്തെത്തിയിരിക്കവെയാണ് പാകിസ്ഥാന് വേണ്ടി കളിക്കവെ ദിനവും താനിത് നേരിട്ടതായി കനേരിയ തുറന്നുപറഞ്ഞത്.

2014 ലെ ശ്രീലങ്ക പാകിസ്ഥാൻ മത്സരത്തിനിടെ തിലകരത്നെ ദിൽഷനോട് പാക് താരം അഹമ്മദ് ഷഹ്സാദ് മുസ്ലിമായി മാറിയാൽ ജീവിതത്തിൽ എന്തുതന്നെ ചെയ്താലും സ്വർഗം ലഭിക്കുമെന്ന പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഡാനിഷ് കനേരിയ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

” ഡ്രസിങ് റൂമോ, കളിക്കളമോ, ഡൈനിങ് റൂമോ ആകട്ടെ ഇതാണ് എനിക്ക് ദിവസവും സംഭവിച്ചുകൊണ്ടിരുന്നത്. ” വീഡിയോ പങ്കുവെച്ചുകൊണ്ട് കനേരിയ പറഞ്ഞു.

ഇതിന് മുൻപും പാകിസ്ഥാൻ ടീമിൽ അനുഭവിച്ച വിവേചനത്തെ കുറിച്ച് കനേരിയ തുറന്നുപറഞ്ഞിട്ടുണ്ട്. കനേരിയയുടെ ആരോപണങ്ങൾ ശരിയാണെന്ന് റാവൽപിണ്ടി എക്സ്പ്രസ് ഷോയിബ് അക്തറും പറഞ്ഞിട്ടുണ്ട്.

അഹമ്മദാബാദിൽ നിന്നുണ്ടായ അനുഭവം മറ്റിടങ്ങളിൽ നിന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ ടീമുള്ളത്. ഇതിന് മുൻപ് ഹൈദരാബാദിൽ വെച്ചുനടന്ന മത്സരങ്ങളിൽ വലിയ പിന്തുണ പാകിസ്ഥാന് ഇന്ത്യൻ കാണികൾ നൽകിയിരുന്നു. ഒക്ടോബർ 20 ന് ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയെയാണ് പാകിസ്ഥാൻ നേരിടുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങൾ തോറ്റ ഓസ്ട്രേലിയ ശ്രീലങ്കയെ പരാജയപെടുത്തി വിജയവഴിയിൽ തിരിച്ചെത്തികഴിഞ്ഞു.