Skip to content

ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ വിജയവുമായി ഓസ്ട്രേലിയ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ശ്രീലങ്കയെ ഓസീസ് പരാജയപെടുത്തിയത്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.

തുടക്കത്തിൽ തന്നെ ഡേവിഡ് വാർണറിനെയും സ്റ്റീവ് സ്മിത്തിനെയും നഷ്ടപെട്ടുവെങ്കിലും 51 പന്തിൽ 52 റൺസ് നേടിയ മിച്ചൽ മാർഷിൻ്റെയും 59 പന്തിൽ 58 റൺസ് നേടിയ ജോഷ് ഇംഗ്ലീഷിൻ്റെയും മികവിൽ ഓസ്ട്രേലിയ വിജയം കുറിച്ചു. മാർനസ് ലാബുഷെയ്ൻ 60 പന്തിൽ 40 റൺസ് നേടി പുറത്തായപ്പോൾ ഗ്ലെൻ മാക്സ്വെൽ 21 പന്തിൽ 31 റൺസും സ്റ്റോയിനിസ് 10 പന്തിൽ 20 റൺസും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 43.3 ഓവറിൽ 209 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഓപ്പണിങ് കൂട്ടുകെട്ടിൽ 125 റൺസ് നേടിയ ശേഷമാണ് അവിശ്വസനീയമായി ശ്രീലങ്ക തകർന്നത്. 8 ഓവറിൽ 47 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ശ്രീലങ്കയെ തകർത്തത്.

മിച്ചൽ സ്റ്റാർക്ക്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഒക്ടോബർ 20 ന് പാകിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. ഒക്ടോബർ 21 ന് നെതർലൻഡ്സിനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.