Skip to content

അരങ്ങേറ്റം ഗംഭീരമാക്കി ശ്രേയസ് ഗോപാൽ ! കേരളത്തിന് വിജയതുടക്കം

സയ്ദ് മുഷ്താഖ് അലി ടട്രോഫിയിൽ കേരളത്തിന് വിജയതുടക്കം. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ 35 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. അരങ്ങേറ്റം കുറിച്ച ശ്രേയസ് ഗോപാലിൻ്റെ മികവിലാണ് തകർപ്പൻ വിജയം കേരളം നേടിയത്.

മത്സരത്തിൽ കേരളം ഉയർത്തിയ 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹിമാചൽ പ്രദേശിന് 19.1 ഓവറിൽ 128 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 4 ഓവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലും 3.1 ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ വിനോദ് കുമാറുമാണ് ഹിമാചൽ പ്രദേശിനെ തകർത്തത്.

കേരളത്തിന് വേണ്ടിയുള്ള ശ്രേയസ് ഗോപാലിൻ്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ഐ പി എല്ലിൽ സഞ്ജുവിനൊപ്പം കളിച്ചിട്ടുള്ള താരം ഈ സീസണിലാണ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് മാറിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 27 പന്തിൽ 44 റൺസ് നേടിയ വിഷ്ണു വിനോദ്, 20 പന്തിൽ 30 റൺസ് നേടിയ സച്ചിൻ ബേബി എന്നിവരുടെ മികവിലാണ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസണ് ഒരു റൺ നേടാൻ മാത്രമെ സാധിച്ചുള്ളൂ.

നാളെ സർവീസസിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.