Skip to content

ഇത് പ്രധാനമന്ത്രിയുടെ വിഷൻ്റെ ഭാഗം ! ക്രിക്കറ്റ് ഒളിമ്പിക്സിൻ്റെ ഭാഗമായതിൽ പ്രതികരിച്ച് ജയ് ഷാ

നീണ്ട 128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൻ്റെ ഭാഗമായിരിക്കുകയാണ്. ലോകം എമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ സന്തോഷത്തോടെയാണ് ഈ വാർത്തയെ സ്വീകരിച്ചത്. ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതിൽ നിർണ്ണായകമായത് ബിസിസിഐ തങ്ങളുടെ നിലപാടിൽ വരുത്തിയ മാറ്റമാണ്. ഇപ്പോഴിതാ ഈ മുഹൂർത്തത്തിൽ തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.

ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതിനെ മുൻപ് ബിസിസിഐ അടക്കമുളള ക്രിക്കറ്റ് ബോർഡുകൾ എതിർത്തിരുന്നു. ഇതുകൊണ്ട് തന്നെയാണ് ക്രിക്കറ്റിൻ്റെ തിരിച്ചുവരവ് ഇത്രയും വൈകിയത്. എന്നാൽ പിന്നീട് ജയ് ഷാ സെക്രട്ടറിയായതോടെയാണ് ഈ നിലപാടിൽ ബിസിസിഐ മാറ്റം വരുത്തിയതും ഗ്രീൻ സിഗ്നൽ നൽകിയതും.

ബിസിസിഐയുടെ ഈ നിലപാട് മാറ്റം 2036 ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ജയ് ഷാ നടത്തിയിരിക്കുന്ന പ്രസ്താവന. ഒളിമ്പിക്സ് പോലെയൊരു ലോകോത്തര ഇവൻ്റ് ഇന്ത്യയിൽ എത്തുമ്പോൾ അതിൽ ക്രിക്കറ്റ് ഭാഗമാകുന്നത് ആരാധകരുടെയും ആവേശം കൂട്ടും.

ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള ഐസിസിയുടെ ശ്രമങ്ങളെ ബിസിസിഐ പിന്തുണച്ചിരുന്നുവെന്നും ബിസിസിഐയുടെ സജീവ പങ്കാളിത്തം ക്രിക്കറ്റിൻ്റെ വളർച്ചയ്ക്ക് നിർണ്ണായകമാണെന്നും 2036 ഒളിമ്പിക്സിന് വേദിയാവുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിൻ്റെ ഭാഗമാകാൻ ഈ നീക്കത്തിന് സാധിച്ചുവെന്നും ജയ് ഷാ പ്രസ്താവനയിൽ വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന പാരീസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടാകില്ല.2028 ൽ നടക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് തിരിച്ചെത്തുന്നത്. ഇതിന് 1900 ൽ മാത്രമാണ് ക്രിക്കറ്റ് ഒളിമ്പിക്സിൻ്റെ ഭാഗമായത്. 2032 ഒളിംപിക്സ് ബ്രിസ്ബനിൽ നടക്കുന്നതിനാൽ തന്നെ ഇന്ത്യയ്ക്ക് ആതിഥേയത്വം ലഭിച്ചാൽ തുടർച്ചയായ മൂന്ന് ഒളിമ്പിക്സ് ഉറപ്പിക്കാൻ ക്രിക്കറ്റിന് സാധിക്കും.