Skip to content

എന്തുകൊണ്ടാണ് അവനെതിരെ മാത്രം അതുണ്ടായത് ! കാണികളുടെ പ്രതിഷേധത്തിൽ മുൻ ഇന്ത്യൻ താരം

ഇന്ത്യയും പാകിസ്ഥാനിൽ തമ്മിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പോരാട്ടം വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരുന്നു. പാകിസ്ഥാൻ താരങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധമാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തും ചർച്ചയായത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

മത്സരത്തിൽ ഔട്ടായി പുറത്തുപോകുന്നതിനിടെയാണ് മൊഹമ്മദ് റിസ്വാനെതിരെ ജയ് ശ്രീറാം വിളികൾ ഉണ്ടായത്. മൽസരത്തിനിടെയും വന്ദേമാതരത്തിനൊപ്പം സ്റ്റേഡിയത്തിൽ ജയ് ശ്രീറാം വിളികളും ഉയർന്നിരുന്നു. എന്നാൽ റിസ്വാനെതിരെ ഉയർന്ന വിളികൾ വിവാദത്തിലേക്ക് നയിക്കുകയായിരുന്നു.

എന്നാൽ കാണികളുടെ പെരുമാറ്റത്തിൽ പാകിസ്ഥാൻ താരങ്ങൾ ആരും തന്നെ പ്രതികരിച്ചിട്ടില്ലയെന്നും ടീം ഡയറക്ടർ മിക്കി ആർതർ മാത്രമാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയതെന്നും പക്ഷേ അത് മറ്റൊരു വിഷയത്തിൽ ആണെന്നും ആകാശ് ചോപ്ര പറഞ്ഞു. കൂടാതെ ഈ പ്രതിഷേധം എന്തുകൊണ്ടാണ് മൊഹമ്മദ് റിസ്വാനെതിരെ മാത്രം ഉണ്ടായതെന്നും ആകാശ് ചോപ്ര ചോദ്യമായി ഉന്നയിച്ചു.

20-30 സെക്കൻഡ് മാത്രം നീളുന്ന വിഡിയോ കണ്ടുകൊണ്ട് ഇന്ത്യയ്ക്കാരെ മുഴുവൻ കുറ്റപെടുത്തുന്നതിൽ അർത്ഥമില്ലയെന്നും ഇന്ത്യ എല്ലാവരെയും ഉൾകൊള്ളുന്ന രാജ്യമാണെന്നും എല്ലാവരെയും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സ്വീകരിച്ചിട്ടുള്ളതെന്നും പക്ഷേ ആർക്കെങ്കിലും അജണ്ടയുണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ കഴിയുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഒരു വീഡിയോ കണ്ടുകൊണ്ട് എല്ലാ പാകിസ്ഥാൻ താരങ്ങളെയും ഇതുപോലെയാണ് സ്വീകരിച്ചതെന്ന് പറയാൻ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് ശ്രീലങ്കയ്ക്കെതിരായ വിജയശേഷം തൻ്റെ പ്രകടനം ഗാസയിലേക്ക് സഹോദരങ്ങൾക്കായി റിസ്വാൻ സമർപ്പിച്ചിരുന്നു. ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. അതിന് മുൻപ് നടന്ന മത്സരങ്ങളിലും മറ്റും മികച്ച പിന്തുണ പാകിസ്ഥാൻ ടീമിന് ലഭിച്ചിരുന്നു. ഇനി ബാംഗ്ലൂരിലാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം.