Skip to content

അത് മാജിക്കോ മന്ത്രമോ ? പ്രചരിച്ച വീഡിയോക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹാർദിക്ക് പാണ്ഡ്യ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര തുടക്കമാണ് ആതിഥേയരായ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ടൂർണമെൻ്റിലെ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരത്തിൽ പാകിസ്ഥാനെയാണ് ഇന്ത്യ വിജയിച്ചത്. ആ മത്സരത്തിനിടെ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ചെയ്തൊരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മത്സരത്തിൽ ഇമാം ഉൾ ഹഖിൻ്റെ വിക്കറ്റ് നേടുന്നതിന് മുൻപ് റണ്ണപ്പിനായി തയ്യാറാകുന്നതിനിടെ മന്ത്രം പോലെ പന്തിനോട് എന്തോ ഉരുവിടുന്ന വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതേ പന്തിൽ തന്നെ വിക്കറ്റ് നേടിയതോടെ അത് മന്ത്രം തന്നെയെന്ന് ചിലർ ഉറപ്പിക്കുകയും ചെയ്തു.

എന്നാലത് മാജിക്കോ മന്ത്രമോ ഒന്നുമല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഹാർദിക്ക് പാണ്ഡ്യ. ശരിയായ ലെങ്തിൽ പന്തെറിയാൻ താൻ തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും അത് മന്ത്രമൊന്നും അല്ലെന്നും ഹാർദിക്ക് പാണ്ഡ്യ വ്യക്തമാക്കി.

ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റ് ഹാർദിക്ക് പാണ്ഡ്യ നേടിയിട്ടുണ്ട്. നിർണായക വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. താരത്തിൻ്റെ മികച്ച പ്രകടനം വലിയ ആത്മവിശ്വാസം ഇന്ത്യയ്ക്ക് നൽകുന്നുണ്ട്.

മറ്റന്നാൾ ബംഗ്ളാദേശിനെതിരെ പൂനെയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. നിലവിൽ മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയത്തോടെ പോയിൻറ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഏഷ്യ കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ബംഗ്ലാദേശ് വിജയിച്ചിരുന്നു. ഈ വർഷം ഏറ്റുമുട്ടിയ നാല് ഏകദിനങ്ങളിൽ മൂന്നിലും വിജയം ബംഗ്ളാദേശിനൊപ്പമായിരുന്നു.