Skip to content

ഇംഗ്ലണ്ടിന് തെറ്റുപറ്റിയത് അക്കാര്യത്തിൽ ! അഫ്ഗാൻ വിജയത്തിൽ നിരീക്ഷണവുമായി സച്ചിൻ ടെണ്ടുൽക്കർ

ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് പിഴവ് പറ്റിയത് എവിടെയാണെന്ന് വ്യക്തമാക്കി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ഡൽഹിയിൽ നടന്ന മത്സരത്തിൽ സ്പിന്നർമാരുടെ മികവിലാണ് ചരിത്രവിജയം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്.

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3 ഓവറിൽ 215 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മൂന്ന് വിക്കറ്റ് വീതം നേടിയ മുജീബ് റഹ്മാൻ, റാഷിദ് ഖാൻ, രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് നബി എന്നിവരാണ് അഫ്ഗാനിസ്ഥാനെ തകർത്തത്. ഇംഗ്ലണ്ടിന് തെറ്റുപറ്റിയത് അഫ്ഗാനിസ്ഥാൻ്റെ സ്പിന്നർമാരെ നേരിടുന്നതിനാലാണെന്നും ഇത്തരത്തിലുള്ള മികച്ച സ്പിന്നർമാരെ നേരിടേണ്ടത് ഇങ്ങനെയല്ലയെന്നും സച്ചിൻ പറഞ്ഞു.

ഇത്രയും മികച്ച സ്പിന്നർമാർ എത്തരത്തിലാണ് പന്തെറിയാൻ പോകുന്നതെന്ന് അവരുടെ കൈകൾ നോക്കിയാണ് മനസ്സിലാക്കേണ്ടതെന്നും അതിൽ ഇംഗ്ലണ്ട് പരാജയപെട്ടുവെന്നും പിച്ച് നോക്കിയാണ് അത് മനസ്സിലാക്കാൻ ഇംഗ്ലണ്ട് ശ്രമിച്ചതെന്നും അവരുടെ ബാറ്റിങ് തകർച്ചയ്ക്ക് കാരണമായത് അതുതന്നെയാണെന്നും സച്ചിൻ പറഞ്ഞു. എല്ലാ മേഖലയിലും മികച്ച പ്രകടനം അഫ്ഗാൻ കാഴ്ച്ചവെച്ചുവെന്നും ഗുർബാസിൻ്റെ ഗംഭീര ഇന്നിങ്സ് നിർണായകമായെന്നും സച്ചിൻ പറഞ്ഞു.

മത്സരത്തിലെ വിജയത്തോടെ പോയിൻറ് ടേബിളിൽ അഫ്ഗാനിസ്ഥാൻ ആറാം സ്ഥാനത്തെത്തി. ഇനി ഒക്ടോബർ 18 ന് ന്യൂസിലൻഡിനെയും പിന്നീട് 23 ന് പാകിസ്ഥാനെയും അഫ്ഗാനിസ്ഥാൻ നേരിടും. രണ്ട് മത്സരവും ചെന്നൈയിലാണ് നടക്കുന്നത്.