Skip to content

ഇത് ചരിത്രം ! 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു. നീണ്ട 128 വർഷങ്ങൾക്ക് ശേഷം 2028 ൽ നടക്കുന്ന ലോസ് എഞ്ചൽസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് തിരിച്ചുവരവ് അറിയിക്കുന്നത്.

മുംബൈയിൽ നടന്ന ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നേരത്തെ സംഘാടക കമ്മിറ്റി ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ശുപാർശ നൽകുകയും IOC അതിന് അംഗീകാരം നൽകുകയും ചെയ്തു. ഇന്ന് നടന്ന വോട്ടിങ് സെഷന് ശേഷമാണ് ക്രിക്കറ്റ് ഉൾപ്പടെ അഞ്ച് കായിക ഇനങ്ങൾ പുതുതായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയത്.

ഇതിന് മുൻപ് 1900 തിൽ നടന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടായിരുന്നു. അന്ന് 18 കായിക ഇനങ്ങളിൽ ഒന്നായിരുന്നു ക്രിക്കറ്റ്. പിന്നീട് ക്രിക്കറ്റ് ഒരു ഒളിമ്പിക്സിൻ്റെയും ഭാഗമായില്ല.

ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് ഒളിമ്പിക്സിനും സാമ്പത്തികമായി ഗുണം ചെയ്യും. നിലവിൽ ഇന്ത്യയിൽ നിന്നും മീഡിയ റൈറ്റ്സിലൂടെ 16 കോടി മാത്രമാണ് ഒളിമ്പിക്സിന് ലഭിക്കുന്നത്. ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതോടെ അത് 1600 കോടിയിൽ അധികമായി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ സ്പോൺസർഷിപ്പ് കൂടെ കൂട്ടുമ്പോൾ 2000 കോടിയിലധികം ഇന്ത്യയിൽ നിന്നും മാത്രം ഒളിമ്പിക്സിന് ലഭിക്കും.

2036 ഒളിമ്പിക്സിന് വേദിയാകാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് കൂടെ ഒളിമ്പിക്സിൻ്റെ ഭാഗമാകുന്നത് ഇന്ത്യയ്ക്കും ഗുണം ചെയ്യും. 2032 ഒളിമ്പിക്‌സ് ഓസ്ട്രേലിയയിൽ വെച്ചാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ തുടർച്ചയായ മൂന്ന് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായികഴിഞ്ഞു.