Skip to content

തുടർച്ചയായ 14 തോൽവി ! ഒടുവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഡൽഹിയിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാരെ 69 റൺസിന് തകർത്തുകൊണ്ടാണ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം അഫ്ഗാൻ നേടിയിരിക്കുന്നത്.

മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 40.3 ഓവറിൽ 215 റൺസിൽ ചുരുക്കികെട്ടിയാണ് ചരിത്രവിജയം അഫ്ഗാനിസ്ഥാൻ നേടിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുജീബ് റഹ്മാൻ, റാഷിദ് ഖാൻ, രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് നബി എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ടിൻ്റെ ശക്തമായ ബാറ്റിങ് നിരയെ അഫ്ഗാൻ പിടിച്ചുകെട്ടിയത്.

ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാനിസ്ഥാൻ്റെ രണ്ടാമത്തെ മാത്രം വിജയമാണിത്. 2015 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെയാണ് ഇതിന് മുൻപ് അഫ്ഗാൻ വിജയം നേടിയത്. അതിന് ശേഷം ലോകകപ്പിൽ കളിച്ച പതിനാലിൽ 14 മത്സരങ്ങളിലും അഫ്ഗാനിസ്ഥാൻ പരാജയപെട്ടിരുന്നു. ഒടുവിൽ തുടർതോൽവികൾക്കൊടുവിൽ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം അഫ്ഗാൻ നേടിയിരിക്കുകയാണ്.

2011 അയർലൻഡിനോടും 2015 ൽ ബംഗ്ളാദേശിനോടും ഏറ്റുവാങ്ങിയ തോൽവികൾക്ക് ശേഷമാണ് വീണ്ടും ഏകദിന ലോകകപ്പിൽ മറ്റൊരു അട്ടിമറി തോൽവി ഇംഗ്ലണ്ട് ഏറ്റുവാങ്ങിയിരിക്കുന്നത്. ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമെന്നാണ് ഏവരും ഇംഗ്ലണ്ടിനെ വിലയിരുത്തിയിരുന്നത്. എന്നാൽ ഇന്ത്യയിലെ സാഹചര്യങ്ങളോട് പൊരുത്തപെടാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല.

ഈ ലോകകപ്പിലെ ഇംഗ്ലണ്ടിൻ്റെ രണ്ടാം തോൽവിയാണിത്. നേരത്തെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ഇംഗ്ലണ്ട് പരാജയപെട്ടിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്താൻ അവർക്കായി. ഇനി ഗംഭീര ഫോമിലുള്ള സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം. മറുഭാഗത്ത് തുടർച്ചയായി മൂന്ന് വിജയം നേടിയ ന്യൂസിലൻഡിനെതിരെയാണ് അഫ്ഗാൻ്റെ അടുത്ത മത്സരം.